കായംകുളം: 2001ൽ കായംകുളം സീറ്റിൽ താൻ തോറ്റത് ചിലർ കാലുവാരിയത് കൊണ്ടെന്ന് സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായ സി.പി.എം നേതാവ് കെ.കെ. ചെല്ലപ്പൻ തനിക്കെതിരെ നിന്നു. തനിക്ക് വോട്ട് ചെയ്യരുതെന്ന് പറഞ്ഞു. മൂന്നൂറ് വോട്ട് ആണ് ആ ഭാഗത്ത് മറിഞ്ഞതെന്നും സുധാകരൻ വ്യക്തമാക്കി. സോഷ്യലിസ്റ്റ് നേതാവ് പി.എ. ഹാരിസ് അനുസ്മരണ സമ്മേളനത്തിലായിരുന്നു സുധാകരന്റെ വിമർശനം.
എല്ലാവരും കാലുവാരിയെന്ന് പറയുന്നില്ല. എന്നാൽ, കാലുവാരൽ കലയും ശാസ്ത്രവുമായി കൊണ്ട് നടക്കുന്ന കുറച്ച് ആളുകളുണ്ട്. അത്തരക്കാർ ഇപ്പോഴും ഉണ്ടെന്നും നാളെയും ഉണ്ടാകുമെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. എതിർ സ്ഥാനാർഥികളും ബി.ജെ.പി-ആർ.എസ്.എസുകാരും കാലുവാരി. ഇവരുടെ വോട്ടുകൾ തന്റെ എതിർ സ്ഥാനാർഥിക്ക് മറിച്ചു കൊടുത്തു. പുറകിൽ കഠാര ഒളിപ്പിച്ച് പിടിച്ച് കുത്തുന്നതാണ് പലരുടെയും ശൈലി. മനസ് ശുദ്ധമായിരിക്കണമെന്നും അതാണ് ഇടതുപക്ഷമെന്നും ജി. സുധാകരൻ പറഞ്ഞു.
2001 ഏപ്രിൽ 13ന് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കായംകുളത്ത് യു.ഡി.എഫ് സ്ഥാനാർഥി കോൺഗ്രസിലെ എം.എം. ഹസനാണ് ജി. സുധാകരനെ പരാജയപ്പെടുത്തിയത്. 1764 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഹസന്റെ വിജയം. എം.എം. ഹസന് 52444 വോട്ടും ജി. സുധാകരന് 50680 വോട്ടും ലഭിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു