ഡൽഹി :അറബികടലില്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലിലെ പതിനഞ്ച് ഇന്ത്യക്കാരടക്കം 21 ജീവനക്കാരെ ഇന്ത്യൻ നാവികസേന മോചിപ്പിച്ചു.കൊള്ളക്കാര്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് കപ്പല്‍ വിട്ടു പോയെന്നാണ് നാവിക സേന അറിയിച്ചത്. കപ്പല്‍ അടുത്ത തീരത്ത് എത്തിക്കാനുള്ള സഹായം നല്‍കുകയാണെന്നും നാവിക സേന അറിയിച്ചു.
സൊമാലിയ തീരത്തിന് അടുത്ത് വച്ചാണ് ലൈബീരിയൻ പതാകയുള്ള എംവി ലില നോര്‍ഫോക് കപ്പല്‍ കടല്‍ക്കൊളളക്കാര്‍ റാഞ്ചിയത്. നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐഎൻഎസ് ചെന്നൈയാണ് ദൃത്യത്തില്‍ പങ്കാളിയായത്. ഐഎൻഎസ് ചെന്നൈ കപ്പലില്‍ നിന്ന് ഹെലികോപ്റ്റര്‍ കപ്പലിന് അടുത്തേക്ക് അയച്ചു. കുറ്റവാളികളോട് കപ്പല്‍ ഉപേക്ഷിക്കാൻ മുന്നറിയിപ്പ് നല്‍കി. പിന്നാലെ കപ്പലിനുളളില്‍ കടന്നാണ് ദൌത്യം പൂര്‍ത്തിയാക്കിയത്.
ലൈബീരിയൻ പതാകയുള്ള എംവി ലില നോര്‍ഫോക്ക് എന്ന ചരക്കു കപ്പലാണ് ഇന്നലെ വൈകിട്ട് അഞ്ചോ ആറോ പേരടങ്ങുന്ന സംഘം റാഞ്ചിയത്. അറബികടലില്‍ വച്ച് കപ്പല്‍ തട്ടിയെടുത്തുവെന്ന സന്ദേശം ബ്രിട്ടീഷ് സൈനിക ഏജൻസിയാണ് ഇന്ത്യൻ നാവിക സേനയ്ക്ക് നല്കിയത്. സൊമാലിയൻ തീരത്ത് വച്ചാണ് കപ്പല്‍ തട്ടിയെടുത്തത്. ആയുധങ്ങളുമായി കപ്പലില്‍ കയറിയ സംഘം കപ്പല്‍ തട്ടിയെടുത്തുവെന്ന സന്ദേശം നല്‍കി. എന്നാല്‍ കപ്പല്‍ തീരത്തേക്ക് അടുപ്പിച്ചിരുന്നില്ല. നാവിക കപ്പലിന് മുകളിലൂടെ പറന്ന് സ്ഥിതി വിലയിരുത്തിയ ശേഷമാണ് ഓപ്പറേഷൻ നടത്തിയത്.
യുദ്ധകപ്പലായ ഐഎൻഎസ് ചൈന്നൈ ഇന്നലെ രാത്രി തന്നെ മേഖലയിലേക്ക് തിരിച്ചിരുന്നു. ഇന്ന് ഐഎൻഎസ് ചെന്നൈയില്‍ നിന്നുള്ള ഹെലികോപ്റ്റര്‍ കടല്‍ കൊള്ളക്കാര്‍ക്ക് കപ്പല്‍ വിട്ടു പോകാനുള്ള മുന്നറിയിപ്പ് നല്‍കി. നാവികസേനയുടെ മാര്‍കോസ് കമാൻഡോകളാണ് ഓപ്പറേഷന് പങ്കാളിയായത്. അന്താരാഷ്ട്ര ഏജൻസികളുമായി ചേര്‍ന്നാണ് ഇക്കാര്യത്തില്‍ ഇന്ത്യയുടെ ഓപ്പറേഷൻ തുടരുന്നത്. അറബികടലിലും ചെങ്കടലിലും നേരത്തെ ഡ്രോണ്‍ ഉപയോഗിച്ച് കപ്പലുകള്‍ തകര്‍ക്കാനുള്ള നീക്കം നടന്നിരുന്നു. ഇതിനു ശേഷം നാല് യുദ്ധകപ്പല്‍ ഈ മേഖലയില്‍ വിന്യസിച്ച് ഇന്ത്യ നിരീക്ഷണം ശക്തമാക്കിയതിനു പിന്നാലെയാണ് ചരക്കുകപ്പല്‍ റാഞ്ചാനുള്ള ശ്രമം നടന്നിരിക്കുന്നത്.