തമിഴര്‍ക്ക് ഇത്തവണ പൊങ്കലിനു മധുരം കൂടും. പൊങ്കല്‍ സമ്മാനമായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ആയിരം രൂപ പ്രഖ്യാപിച്ചു. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും പൊങ്കൽ കിറ്റിനൊപ്പം ആയിരം രൂപയും നൽകും. നേരത്തെ പൊങ്കൽ കിറ്റിൽ ഒരു കിലോ വീതം അരിയും പഞ്ചസാരയും ഒരു കരിമ്പുമാണ് പ്രഖ്യാപിച്ചിരുന്നത്. ഇതിൽ പ്രതിപക്ഷം പ്രതിഷേധം അറിയിച്ചതോടെയാണ് കിറ്റിനൊപ്പം പണവും ഉൾപ്പെടുത്തുകയായിരുന്നു.
വീട്ടമ്മമാർക്ക് പ്രഖ്യാപിച്ചിരുന്ന 1000 രൂപയും പൊങ്കലിനു മുൻപ് ബാങ്ക് അക്കൗണ്ടിൽ എത്തുമെന്നും സ്റ്റാലിൻ അറിയിച്ചു. സാധാരണയായി എല്ലാ മാസവും 15നാണ് വീട്ടമ്മമാർക്കുള്ള വേതനം നൽകിയിരുന്നത്. ഈ മാസം പത്തിനു പണം അക്കൗണ്ടിൽ എത്തുമെന്നാണ് അറിയിപ്പ്. പൊങ്കൽ കിറ്റിനൊപ്പം ആവശ്യക്കാർക്ക് വസ്ത്രങ്ങളും സൗജന്യമായി വിതരണം ചെയ്യാനുള്ള തയാറെടുപ്പുകൾ നടക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.