മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴുന്ന പശ്ചാത്തലത്തിൽ, അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ ലഭിക്കുന്നതിനായി തമിഴ്‌നാട്ടിൽ പ്രത്യേക പൂജകൾ നടത്തി.
തേനി ജില്ലയിലെ വീരപാണ്ടി ഗൗമാരിയമ്മൻ ക്ഷേത്രത്തിലാണ് കർഷകർ വരുണപൂജ നടത്തിയത്. കമ്പംവാലി വാട്ടർ യൂസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിലും തേനി ജില്ലയിലും മഴ പെയ്യുന്നതിനായി പൂജകൾ നടത്തിയത്.
മുല്ലപ്പെരിയാർ അണക്കെട്ടാണ് തേനി, മധുര, ഡിണ്ടിഗൽ, ശിവഗംഗ, രാമനാഥപുരം എന്നിവയുൾപ്പെടെ തെക്കൻ തമിഴ്‌നാടിന്റെ ജലസ്രോതസ്സ്. ഒട്ടേറെ കർഷകരും പൊതുജനങ്ങളും പൂജകളിൽ പങ്കെടുത്തു. 116.85 അടിയാണ് നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്.















