മലപ്പുറം: തിരൂരങ്ങാടി സബ് ആർ.ടി ഓഫിസിൽ സർക്കാർ ഉദ്യോഗസ്ഥനല്ലാത്തയാൾ പത്ത് വർഷത്തോളമായി ജോലി ചെയ്ത സംഭവത്തിൽ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. എ.എം.വി.ഐ പി ബോണിയെയാണ് സസ്പെൻഡ് ചെയ്തത്.
തിരൂരങ്ങാടി സബ് ആർ.ടി ഓഫിസിൽ ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് പത്ത് വർഷത്തോളം ഇയാൾ ജോലി ചെയ്തത്. ഉദ്യോഗസ്ഥരുടെ യൂസർ ഐഡിയും പാസ് വേഡുമെല്ലാം ഉപയോഗിച്ച്, സർക്കാർ ഉദ്യോഗസ്ഥനല്ലാത്ത ഇയാൾ കമ്പ്യൂട്ടർ ജോലികളടക്കം ചെയ്ത് വരികയായിരുന്നു.
താനൂർ സ്വദേശിയായ ഇയാൾ ഏജന്റുമാരുടെ ബിനാമിയാണ്. ഇയാൾക്കുള്ള വേതനം ഉദ്യോഗസ്ഥരും ഏജന്റുമാരുമാണ് നൽകിയിരുന്നത്. ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യേണ്ട പല രേഖകളും ഈ വ്യക്തിയാണ് അപ്ലോഡ് ചെയ്തിരുന്നത്.
‘മീഡിയവൺ’ വാർത്തയെതുടർന്ന് തൃശൂർ മേഖല ഡെപ്യൂട്ടി കമീഷണർ എം.പി. ജെയിംസ് സബ് ആർ.ടി ഓഫിസിൽ പരിശോധന നടത്തിയിരുന്നു. കമ്പ്യൂട്ടറുകളും ഫയലുകളും പരിശോധിച്ച അദ്ദേഹം ഉദ്യോഗസ്ഥരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു. തുടർന്നാണ് എ.എം.വി.ഐ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു