കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ആദ്യദിനം മത്സരങ്ങള്‍ പുരോഗമിക്കവേ പോയിന്റ് നിലയില്‍ മുന്നില്‍ കോഴിക്കോട് ജില്ല. 83 പോയിന്റ് നേടിയാണ് നിലവിലെ ജേതാക്കളായ കോഴിക്കോട് മുന്നിലുള്ളത്. 81 പോയിന്റുമായി തൃശൂര്‍ തൊട്ടുപിന്നിലുണ്ട്.
77 പോയിന്റുമായി ആതിഥേയരായ കൊല്ലമാണ് മൂന്നാമത്. 76 പോയിന്റുമായി കണ്ണൂര്‍, 75 പോയിന്റുമായി പാലക്കാട്, 72 പോയിന്റുമായി മലപ്പുറം എന്നിവയാണ് നാല്, അഞ്ച്, ആറ് സ്ഥാനങ്ങളില്‍. കോട്ടയം 71, ആലപ്പുഴ 69, എറണാകുളം 69, കാസര്‍കോട് 67, തിരുവനന്തപുരം 62, പത്തനംതിട്ട 61, ഇടുക്കി 61, വയനാട് 60 എന്നിങ്ങനെയാണ് വൈകീട്ട് 7.30 വരെയുള്ള ഫലങ്ങള്‍ പുറത്തുവന്നപ്പോഴുള്ള പോയിന്റ് നില.
ഹൈസ്കൂള്‍ വിഭാഗത്തില്‍ 58 പോയിന്റുമായി കോഴിക്കോട് തന്നെയാണ് ഒന്നാമത്. ഹയര്‍സെക്കൻഡറിയില്‍ 25 പോയിന്റ് വീതം നേടി കോഴിക്കോട്, തൃശൂര്‍, കൊല്ലം ജില്ലകളാണ് മുന്നില്‍.
24 വേദികളിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. കൊല്ലം ആശ്രാമം മൈതാനത്ത് ഒരുക്കിയ ‘ഒ.എൻ.വി സ്മൃതി’യാണ് പ്രധാനവേദി. എച്ച്.എസ്, എച്ച്.എസ്.എസ് ജനറല്‍, എച്ച്.എസ് സംസ്കൃതം, അറബിക് വിഭാഗങ്ങളില്‍ ആകെ 239 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.