മസ്കത്ത്: ഒമാനിൽ കഴിഞ്ഞ ഒക്ടോബർ മുതൽ കോവിഡിന്റെ പുതിയ വകഭേദമായ ജെ.എൻ 1 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഇവരെല്ലാം പൂർണമായി സുഖം പ്രാപിച്ചവരാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജെ.എൻ 1 വകഭേദത്തിനെ പ്രതിരോധിക്കുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇത് പൊതുജനാരോഗ്യത്തിന് വലിയ ഭീഷണി ഉയർത്തുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.
സീസണൽ ഇൻഫ്ലുവൻസ വൈറസുകളുടെ ഏറ്റവും ഉയർന്ന വ്യാപനം കഴിഞ്ഞ ഡിസംബറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ അമേരിക്കയിലാണ് ആദ്യമായി പുതിയ വകഭേദമായ ജെ.എൻ 1 റിപ്പോർട്ട് ചെയ്തതെന്ന് ക്ഷയരോഗ, അക്യൂട്ട് റെസ്പിറേറ്ററി ഡിസീസ് കൺട്രോൾ വിഭാഗം മേധാവി ഡോ. ഫാത്തിമ ബിൻത് മുഹമ്മദ് അൽ യാഖൂബിയ പറഞ്ഞു. ചൈനയിലും ഈ വകഭേദം വിവിധയാളുകളിൽ സ്ഥിരീകരിക്കുകയുണ്ടായി.
നിലവിൽ അമേരിക്ക, യു.കെ, ഐസ്ലൻഡ്, സ്പെയിൻ, പോർച്ചുഗൽ, നെതർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ജെ.എൻ.1 വകഭേദം കണ്ടെത്തിയിട്ടുണ്ട്. 41ൽ അധികം രാജ്യങ്ങളിൽ ഈ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ജെഎൻ.1 വകഭേദം ഒമിക്രോണിന്റെ ഉപവകഭേദമാണ്.
ഗർഭിണികൾക്കും പ്രായമായവർക്കും വാക്സിനേഷൻ പരമാവധി നൽകാൻ സുൽത്താനേറ്റ് കഠിനമായി പരിശ്രമിച്ചു വരികയാണെന്ന് ഡോ. ഫാത്തിമ ബിൻത് മുഹമ്മദ് അൽ യാഖൂബിയ പറഞ്ഞു. കുട്ടികളിലെ രോഗാവസ്ഥയും ആശുപത്രിവാസവും കുറക്കുന്നതിനായി രണ്ട് വയസ്സ് പ്രായമുള്ള കുട്ടികൾക്കായി ഇൻഫ്ലുവൻസ വാക്സിൻ അവതരിപ്പിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് ബാധിച്ചിതിനാലാണ് കുട്ടികളിൽ അണുബാധയും ആശുപത്രിവാസ നിരക്കും ഗണ്യമായി വർധിക്കുന്നത്. വളരെ സാധാരണമായ വൈറസാണിത്. രണ്ട് വയസ്സിന് താഴെയുള്ള മിക്ക കുട്ടികളും ഇത് ബാധിച്ചവരാണെന്നും അവർ പറഞ്ഞു.
സാധാരണയായി ജലദോഷത്തോട് സാമ്യമുള്ളതും മൂക്കൊലിപ്പ്, ചുമ, നേരിയ പനി, തൊണ്ടവേദന, തുമ്മൽ, തലവേദന എന്നിവയാണ് ഇതിന്റെ ലക്ഷങ്ങൾ.
ചില സന്ദർഭങ്ങളിൽ 12 മാസമോ അതിൽ താഴെയുള്ള കുട്ടികൾ, ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ, ദുർബലമായ പ്രതിരോധശേഷി ഉള്ളവർ എന്നിവരുൾപ്പെടെയുള്ള ചിലരിൽ ഈ വൈറസ് ശ്വാസകോശ വീക്കം പോലുള്ള ഗുരുതരമായ ലക്ഷണങ്ങൾ ഉണ്ടാക്കും. ഈ വിഭാഗങ്ങളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടതുണ്ടെന്നും ഡോ. ഫാത്തിമ ബിൻത് മുഹമ്മദ് അൽ യാഖൂബിയ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു