ടെഹ്റാൻ : ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർ ജനറൽ ആയിരുന്ന ഖാസിം സുലൈമാനിയുടെ ശവകുടീരത്തിനു സമീപമുണ്ടായ ഇരട്ട സ്ഫോടനത്തിൽ 103 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഖാസിം സുലൈമാനിയുടെ നാലാം ചരമ വാര്‍ഷികത്തിലാണ് സ്ഫോടനം നടന്നത്. 200 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്.
സ്യൂട്ട്കേസിൽ സ്ഥാപിച്ച ബോംബ് റിമോർട്ട് ഉപയോഗിച്ചാണ് നിയന്ത്രിച്ചതെന്നാണ് വിവരം. ചാവേർ സ്ഫോടനമാണ് നടന്നതെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇറാന്റെ തെക്കുകിഴക്കന്‍ നഗരമായ കെര്‍മാനിലാണ് സ്‌ഫോടനമുണ്ടായത്. ആദ്യ സ്‌ഫോടനം പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയും രണ്ടാമത്തേത് 15 മിനിറ്റുകള്‍ക്ക് ശേഷവുമാണ് നടന്നത്. സംഭവസ്ഥലത്തുനിന്നും ആളുകളെ മുഴുവൻ ഒഴിപ്പിച്ചു. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്.
2020 ജനുവരി മൂന്നിന് ബാഗ്ദാദ് വിമാനത്താവളത്തില്‍ ഡ്രോൺ ആക്രമണത്തിലാണ് ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. ഡ്രോൺ ആക്രമണത്തിന്റെ ഉത്തരവാദിത്തം യുഎസ് ഏറ്റെടുത്തിരുന്നു. ടെഹ്റാനിൽനിന്നു 820 കിലോമീറ്റർ അകലെയാണ് കെർമാൻ. ഭീകരാക്രമണമാണ് ഉണ്ടായതെന്നു കെർമാൻ ഡപ്യൂട്ടി ഗവർണർ റഹ്മാൻ ജലീലി പറഞ്ഞു. എന്നാൽ കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാൻ അദ്ദേഹം തയാറായില്ല. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു