ന്യൂ ഡല്‍ഹി: ലോക്സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരായ മുൻ തൃണമൂല്‍ എം.പി മഹുവാ മൊയ്ത്രയുടെ ഹരജിയില്‍ ലോക്സഭാ സെക്രട്ടറി ജനറലിന് സുപ്രിംകോടതി നോട്ടീസ്. എം.പി സ്ഥാനത്ത് നിന്നും പുറത്താക്കിയത് ചട്ടവിരുദ്ധമെന്ന ഹരജിയിലാണ് നോട്ടീസ്.
രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നു. വാദം കേള്‍ക്കാനായി ഹരജി മാര്‍ച്ച് 11ലേക്ക് മാറ്റി. തന്നെ പുറത്താക്കാൻ എത്തിക്സ് പാനലിന് അധികാരമില്ലെന്ന് മഹുവ മൊയ്ത്ര ഹരജിയില്‍ പറഞ്ഞിരുന്നു. ബിസിനസുകാരനില്‍ നിന്ന് താൻ പണം സ്വീകരിച്ചതിന് തെളിവുകളില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
ബിജെപി എം.പി നിഷികാന്ത് ദുബെയുടെയും ജയ് അനന്ത് ദേഹാദ്രായിയുടേയും അടിസ്ഥാന രഹിതമായ ആരോപണം മാത്രമാണ് അതെന്നും അവര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചോദ്യത്തിന് കോഴ ആരോപണത്തില്‍, ഡിസംബര്‍ എട്ടിനാണ് തൃണമൂല്‍ എം.പി മഹുവ മൊയ്ത്രയെ ലോക്സഭയില്‍ നിന്ന് പുറത്താക്കിയത്. എത്തിക്സ് കമ്മിറ്റി റിപ്പോര്ട്ടിൻമേല് ശബ്ദവോട്ടോടെയാണ് മഹുവ മൊയ്ത്രയെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്.
എന്നാല്‍, ഹിരാനന്ദാനിയെയും ദേഹാദ്രായിയെയും ക്രോസ് വിസ്താരം ചെയ്യാൻ അനുവദിച്ചില്ലെന്ന് മഹുവ പറഞ്ഞിരുന്നു. സ്വന്തം ഭാഗം വിശദീകരിക്കാൻ അനുമതി നല്‍കാതെയായിരുന്നു പുറത്താക്കല്‍. ഇതു സംബന്ധിച്ച എത്തിക്സ് കമ്മിറ്റി പാനല്‍ റിപ്പോര്‍ട്ടില്‍ മഹുവയ്ക്ക് സംസാരിക്കാൻ സമയം നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ ഓം ബിര്‍ല വഴങ്ങിയില്ല.
എത്തിക്സ് പാനലിന്റെ തീരുമാനം തെളിവില്ലാതെയാണെന്ന് പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളുമായി സംസാരിക്കവെ മഹുവ പറഞ്ഞിരുന്നു. ചോദ്യത്തിന് കാശ് വാങ്ങി എന്ന് പാനലിന് കണ്ടെത്താനായിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. ഇത് ബിജെപിയുടെ അവസാനമാണ്. അടുത്ത മുപ്പതു വര്‍ഷം പാര്‍ലമെന്റിന് അകത്തും പുറത്തും ബിജെപിയുമായി പൊരുതുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നരേന്ദ്രമോദി സര്‍ക്കാറിനെ വിമര്‍ശിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കാൻ വ്യവസായി ദര്ശൻ ഹിരാനന്ദാനിയില്‍ നിന്ന് രണ്ടു കോടി രൂപയും വില കൂടിയ സമ്മാനങ്ങളും മഹുവ വാങ്ങിയെന്നാണ് ആരോപണം. ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്യാൻ ഇയാള്‍ക്ക് പാര്‍ലമെന്റ് വെബ്സൈറ്റിലെ രഹസ്യ അക്കൗണ്ട് വിവരങ്ങള്‍ കൈമാറിയെന്നും ആരോപണമുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു