കൊച്ചി: ഇന്ത്യയിലെ മുന്‍നിര ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ ഇന്ത്യ (വി) അന്താരാഷ്ട തലത്തില്‍ പ്രശസ്തരായ പാരീസ് ആസ്ഥാനമായ ഇ-സ്പോര്‍ട്ട്സ് സ്ഥാപനം ടീം വൈറ്റാലിറ്റിയുമായി ദീര്‍ഘകാല സഹകരണത്തില്‍ ഏര്‍പ്പെടും. ഇന്ത്യയിലെ ഇ-സ്പോര്‍ട്ട്സ് സംവിധാനം ശക്തമാക്കുക എന്ന ലക്ഷ്യവുമായാണ് ഈ നീക്കം.
രാജ്യത്തെ ഇ-സ്പോര്‍ട്ട്സ് 2027-ഓടെ 140 ദശലക്ഷം ഡോളറിലെത്തും വിധം വളരുമെന്നു കണക്കാക്കുന്ന സാഹചര്യത്തില്‍ ഈ സഹകരണത്തിന് വലിയ പ്രാധാന്യമാണുള്ളത്.
രണ്ടു ബ്രാന്‍ഡുകളുടെ സഹകരണം ഇ-സ്പോര്‍ട്ട്സ് രംഗത്ത് ആരാധകര്‍ക്കും ഗെയിമിങ് പ്രേമികള്‍ക്കും അവസരങ്ങള്‍ തുറന്നു നല്‍കും. ബ്രാന്‍ഡ് സ്പോണ്‍സര്‍ഷിപ്പ്, കണ്ടന്‍റ് സഹകരണം, ഗെയിമിങ് ഈവന്‍റുകള്‍ തുടങ്ങി ഇതിനു മുന്‍പില്ലാതിരുന്ന നിരവധി അവസരങ്ങളാവും ഇത്തരത്തിലുള്ള ആദ്യമായ ഈ സഹകരണം വഴി ലഭ്യമാകുക.
വി ഉപഭോക്താക്കള്‍ക്ക് ഇ-സ്പോര്‍ട്ട്സില്‍ പങ്കെടുക്കാനും ടീം വൈറ്റാലിറ്റിയുടെ ജനപ്രിയ ടൂര്‍ണമെന്‍റുകളിലും ടീമുകളിലും പങ്കാളികളാകാനുള്ള പ്രത്യേക അവസരങ്ങള്‍ ലഭിക്കുകയും ചെയ്യും.
തങ്ങള്‍ എപ്പോഴും പ്രത്യേക ശ്രദ്ധ നല്‍കുന്ന മേഖലയാണ് ഗെയിമിങെന്നും മൊബൈല്‍ ഗെയിമിങ് രംഗത്ത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വന്‍ മാറ്റങ്ങളാണു തങ്ങള്‍ വരുത്തിയതെന്നും വി സിഎംഒ അവനീഷ് ഖോസ്ല പറഞ്ഞു.