ദക്ഷിണാഫ്രിക്കയുടെ കഥ കഴിച്ച് ഇന്ത്യന്‍ പേസ് ആക്രമണം; 55 റണ്‍സിന് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ഇന്ത്യ: സിറാജിന് ആറ് വിക്കറ്റ്‌

കേപ് ടൗണ്‍: ആകെ കളിച്ചത് 23.2 ഓവര്‍. രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ കേവലം രണ്ട് മണിക്കൂറില്‍ ദക്ഷിണാഫ്രിക്കയുടെ കഥ കഴിച്ച് ഇന്ത്യന്‍ പേസ് ആക്രമണം. ഒമ്പത് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് പിഴുത മുഹമ്മദ് സിറാജാണ് പ്രോട്ടീസിന്റെ കഥ കഴിച്ചത്. ബുംറ രണ്ട് വിക്കറ്റെടുത്തപ്പോള്‍ അരങ്ങേറ്റ മത്സരം കളിക്കുന്ന മുകേഷ് കുമാറും രണ്ട് വിക്കറ്റുമായി വരവറിയിച്ചു. 

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ബെഡിങ്ഹാമും വെരെയ്‌നക്കും മാത്രമാണ് രണ്ടക്കം കടക്കാനായത്. വിടവാങ്ങല്‍ ടെസ്റ്റില്‍ ക്യാപ്റ്റനായി ടോസ് നേടിയിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഡീന്‍ എല്‍ഗറിന് പിഴച്ചു. ആദ്യ ഓവര്‍ മുതല്‍ മികച്ച സ്വിങ്ങും ലെങ്ഗും കണ്ടെത്താനായ സിറാജിന് മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ പകച്ചു.

വിക്കറ്റ് കീപ്പര്‍ കെയില്‍ വെരാനെ (30 പന്തില്‍ 15), ഡേവിഡ് ബെഡിങ്ഹാം (17 പന്തില്‍ 12) ഒഴിച്ചാല്‍ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ആരും രണ്ടക്കം കടന്നില്ല. എയ്ഡന്‍ മാര്‍ക്രം (2), ക്യാപ്റ്റന്‍ എല്‍ഗര്‍ (4), ടോണി ഡി സോര്‍സി (2), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (3), മാര്‍ക്രോ ജാന്‍സെന്‍ (0), കേശവ് മഹാരാജ് (3), കഗിസോ റബാദ (5), നാന്ദ്രേ ബര്‍ഗര്‍ (4), ലുങ്കി എങ്കിടി (0) എന്നിവരെല്ലാം നിരാശപ്പെടുത്തി.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരേ ഒരു ടീമിന്റെ ഏറ്റവും ചെറിയ സ്‌കോറാണിത്. 1932-നു ശേഷം ദക്ഷിണാഫ്രിക്ക ഇത്രയും ചെറിയ സ്‌കോറിന് പുറത്താകുന്നതും ഇതാദ്യം. ഒന്നാം ദിവസത്തിന്റെ ഒന്നാം സെഷനില്‍ തന്നെ മുഴുവന്‍ പേരും പുറത്തായെന്ന നാണക്കേടും ദക്ഷിണാഫ്രിക്ക പേറേണ്ടിവരും. ബുംറക്കുശേഷം സിംഗിള്‍ സെഷനില്‍ ആറു വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ പേസറാണ് സിറാജ്. ലോകക്രിക്കറ്റില്‍ ആറാമത്തെ താരവും.

READ ALSO….പ്രധാനമന്ത്രി തൃശ്ശൂരിലെത്തി, റോഡ് ഷോ തുടങ്ങി

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചു. ലുങ്കി എന്‍ഗിഡിയും കേശവ് മഹാരാജും ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി. പരിക്കേറ്റ തെംമ്പ ബവുമയ്ക്കും ജെറാള്‍ഡ് കുറ്റ്‌സെയ്ക്കും ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് നഷ്ടമായി. ബവുമയുടെ അസാന്നിധ്യത്തില്‍ ഡീന്‍ എല്‍ഗറാണ് ദക്ഷിണാഫ്രിക്കയെ നയിക്കുന്നത് അതേസമയം, ഇന്ത്യന്‍ നിരയില്‍ രവിചന്ദ്ര അശ്വിന് പകരം രവീന്ദ്ര ജഡേജയേയും ശര്‍ദുല്‍ ഠാക്കൂറിന് പകരം മുകേഷ് കുമാറിനേയും ഉള്‍പ്പെടുത്തി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു