വാട്‌സാപ്പ് ചാറ്റ് സൂക്ഷിക്കണമെങ്കില്‍ ഇനി പണം നൽകണം: പുതിയ അപ്പ്ഡേഷനുമായി വാട്സാപ്പ് രംഗത്ത്

ഗൂഗിള്‍, വാട്‌സാപ് എന്നീ കമ്പനികള്‍ സംയുക്തമായി കഴിഞ്ഞ വർഷം എടുത്ത ഒരു തീരുമാനം ഈ വർഷം ആദ്യം പ്രാബല്യത്തില്‍ വരും. ഒരാളുടെ ഗൂഗിള്‍ ഡ്രൈവില്‍ പരമാവധി 15 ജിബി ഡേറ്റ മാത്രമേ ഫ്രീയായി സൂക്ഷിക്കാന്‍ സാധിക്കൂ. ഇത് ബാധകമാകുന്നത് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കാണ്. ഐഒഎസ് ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ നല്‍കുന്ന 5 ജിബിയാണ് ഫ്രീ സ്റ്റോറേജ് പരിധി. തങ്ങളുടെ 15 ജിബി പരിധി പ്രാബല്യത്തില്‍ വരുമ്പോഴും, എതിര്‍ പ്ലാറ്റ്‌ഫോമുകള്‍ നല്‍കുന്നതിന്റെ മൂന്നിരട്ടി ഫ്രീ സംഭരണശേഷി നല്‍കുന്നുണ്ടെന്നാണ്  ഗൂഗിളിന്റെ നിലപാട് 

പുതിയ മാറ്റം വാട്‌സാപ് ബീറ്റാ ഉപയോക്താക്കള്‍ക്ക് 2023 ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍ വന്നു തുടങ്ങി. ഇത് എല്ലാ ഉപയോക്താക്കള്‍ക്കും 2024 ആദ്യം മുതല്‍ നടപ്പാക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താമസിയാതെ എല്ലാ വാട്‌സാപ് ഉപയോക്താക്കള്‍ക്കും ഇതു സംബന്ധിച്ച നോട്ടിഫിക്കേഷന്‍ ലഭിച്ചു തുടങ്ങും.

വാട്‌സാപ്>ചാറ്റ്‌സ്>ചാറ്റ്‌സ് ബാക് അപ് വിഭാഗത്തില്‍ ‘പുതിയ മാറ്റം 30 ദിവസത്തിനുള്ളില്‍ സംഭവിക്കുമെന്ന’ നോട്ടിഫിക്കേഷന്‍ കണ്ടു തുടങ്ങും. അനുവദിക്കുന്ന 15 ജിബി ഫ്രീ പരിധിക്കപ്പുറമുള്ള, സൂക്ഷിക്കണം എന്നു കരുതുന്ന വാട്‌സാപ് സന്ദേശങ്ങള്‍ ഉണ്ടെങ്കില്‍ അവ ഈ കാലയളവിനുള്ളില്‍ ഡൗണ്‍ലോഡ് ചെയ്ത് മാറ്റണം. 

എങ്ങനെ ഉപയോഗിക്കാം?

ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ വാട്‌സാപ് ഉപയോഗിക്കുന്നവര്‍ക്കു മുന്നില്‍ ഇനി ഡേറ്റ സൂക്ഷിക്കാന്‍ രണ്ടു വഴികളാണ് ഉള്ളത്.

1. അനാവശ്യമായ ചാറ്റുകളും വിഡിയോകളഉം ഡിലീറ്റ് ചെയ്ത് എപ്പോഴും 15 ജിബി പരിധിക്കുള്ളില്‍ നിർത്തുക.
2. ഗൂഗിള്‍ വണ്‍ സേവനത്തിന് സബ്‌സ്‌ക്രൈബ് ചെയ്യുക.

ഗൂഗിള്‍ വണ്‍ ബേസിക് പ്ലാനിന് ഓഫര്‍

പരിധിയില്ലാത്ത വാട്‌സാപ് ചാറ്റ് ബാക്അപ് എടുത്തു കളയുന്ന അതേ സമയത്തുതന്നെ തങ്ങളുടെ ഗൂഗിള്‍ വണ്‍ ക്ലൗഡ് സംഭരണ പ്ലാനുകള്‍ക്ക് താൽക്കാലികമായി ഗൂഗിള്‍ ഓഫര്‍ നല്‍കിയിരിക്കുന്നത് യാദൃച്ഛികമാകണമെന്നില്ല.

ഫോട്ടോകളും വിഡിയോയും ഡോക്യുമെന്റുകളുമെല്ലാം സേവ് ചെയ്തു സൂക്ഷിക്കാനായി മൂന്ന് പ്ലാനുകളാണ് കമ്പനി നല്‍കുന്നത്- ബേസിക്, സ്റ്റാന്‍ഡേര്‍ഡ്, പ്രീമിയം. ബേസിക് പ്ലാനിന് പ്രതിമാസം 130 രൂപയാണ് വരിസംഖ്യ. പ്രതിവര്‍ഷം 1300 രൂപ. ഇതിപ്പോള്‍ മൂന്നു മാസത്തേക്ക് 130 രൂപയ്ക്കാണ് ഗൂഗിള്‍ നല്‍കുന്നത്.

സ്റ്റാന്‍ഡേര്‍ഡ് പ്ലാനിനും ഓഫറുണ്ട്. പ്രതിമാസം 210 രൂപ നല്‍കേണ്ട പ്ലാന്‍ ഇപ്പോള്‍ മൂന്നു മാസത്തേക്ക് 210 രൂപയ്ക്ക് ലഭിക്കും. ഇതില്‍ 200ജിബി സംഭരണശേഷിയുണ്ട്. കൂടാതെ, 2 ടിബി സംഭരണശേഷിയുള്ള പ്രീമിയം പ്ലാനിന് പ്രതിമാസം 650 രൂപയാണ് വരിസംഖ്യാനിരക്ക്. അതിപ്പോള്‍ മൂന്നു മാസത്തേക്ക് 650 രൂപയ്ക്ക് ലഭിക്കും. ഓര്‍ക്കുക, ഓഫര്‍ കാലാവധിക്കു ശേഷം പ്ലാനുകളെല്ലാം പഴയ നിരക്കിലേക്കു മാറിയേക്കും. 

ഓഫര്‍ വേണ്ടവര്‍ എന്തു ചെയ്യണം?

ഗൂഗിള്‍ വണ്‍ ആപ് ഫോണിലേക്ക് ഡൗണ്‍ലോഡ് ചെയ്യുക. തുടര്‍ന്ന് ഗൂഗിള്‍ അക്കൗണ്ട് വഴി സൈന്‍-ഇന്‍ ചെയ്യുക. നിലവില്‍ ഗൂഗിള്‍ ക്ലൗഡ് വരിക്കാര്‍ അല്ലാത്തവര്‍ക്ക് അപ്‌ഗ്രേഡ് ഓപ്ഷന്‍ കാണാന്‍ സാധിക്കും. അതില്‍ ക്ലിക്ക് ചെയ്താൽ പ്ലാനുകള്‍ കാണാം.

ഗൂഗിള്‍ ഫോട്ടോസ് ആപ്പിലും ‘അണ്‍ലോക് സ്‌റ്റോറേജ് ഡിസ്‌കൗണ്ട്’ എന്ന ബട്ടണ്‍ ഉണ്ട്. ഡെസ്‌ക്ടോപ് വഴിയാണ് സ്വീകാര്യമെന്നുള്ളവര്‍ക്ക് ഗൂഗിള്‍ വണ്‍ വെബ്‌സൈറ്റിലെത്തി സൈന്‍-ഇന്‍ ചെയ്താലും ഓഫര്‍ കാണാം.