ഷാവോമി ഹൈപ്പര്‍ ഒഎസ് ഇന്ത്യയില്‍- അപ്‌ഡേറ്റ് ലഭിക്കുന്ന ഡിവൈസുകള്‍ ഏതൊക്കെയാണ്?

ഇന്ത്യന്‍ വിപണിയിലെ ഷാവോമി ഫോണുകളില്‍ ഹൈപ്പര്‍ ഒഎസ് അപ്‌ഡേറ്റ് സ്ഥിരീകരിച്ച് കമ്പനി. 2024 ജനുവരി മുതല്‍ ഷാവോമി ഉല്പന്നങ്ങളില്‍ ഹൈപ്പര്‍ ഓഎസ് അപ്‌ഡേറ്റുകള്‍ എത്തിച്ചുതുടങ്ങുമെന്ന് കമ്പനി അറിയിച്ചു. റെഡ്മി നോട്ട് 13 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് ഈ പ്രഖ്യാപനം.

ഷാവോമിയുടെ പഴയ എഐയുഐ ഒഎസിന് പകരം അവതരിപ്പിച്ച പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ആണ് ഹൈപ്പര്‍ ഓഎസ്. ഷാവോമി 13 പ്രോ, ഷാവോമി പാഡ് 6 എന്നിവയിലാണ് ഹൈപ്പര്‍ ഒഎസ് ആദ്യം എത്തുക.

ഒക്ടോബറിലാണ് ഷാവോമി പുതിയ ഓഎസ് പ്രഖ്യാപിച്ചത്. പിന്നാലെ തന്നെ ചൈനീസ് വിപണിയില്‍ അവതരിപ്പിക്കുകയും ചെയ്തു. ഷാവോമി ഉപകരണങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക, എഐ അഷ്ടിത സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പുതിയ ഒഎസ് എത്തിയിരിക്കുന്നത്.

ഷാവോമി ഉപകരണങ്ങളുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തും വിധം ആന്‍ഡ്രോയിഡ് ഓപ്പണ്‍ സോഴ്‌സ് പ്രൊജക്ടില്‍ ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് ഹൈപ്പര്‍ ഓഎസ് നിര്‍മിച്ചിരിക്കുന്നത്. എഐ സൗകര്യങ്ങള്‍, ഉപകരണങ്ങള്‍ തമ്മിലുള്ള പരസ്പര കണക്ടിവിറ്റി, സ്വകാര്യത, സുരക്ഷ എന്നിവയും മെച്ചപ്പെട്ട പ്രവര്‍ത്തന മികവും ഹൈപ്പര്‍ ഓഎസ് വാഗ്ദാനം ചെയ്യുന്നു.

ഷാവോമി 13 അള്‍ട്ര, ഷാവോമി 13 പ്രോ, ഷാവോമി 13, ഷാവോമി 13 ടി പ്രോ, ഷാവോമി 13 ടി, റെഡ്മി നോട്ട് 12 എസ്, ഷാവോമി പാഡ് 6, പോകോ എഫ് 5 എന്നിവയിലാണ് ഹൈപ്പര്‍ ഓഎസ് ലഭിക്കുക. ഒടിഎ അപ്‌ഡേറ്റ് ആയി ഇത് ലഭിക്കും. പലര്‍ക്കും പല സമയത്തായിരിക്കും അപ്‌ഡേറ്റ് ലഭിക്കുക.