ഇംഫാല്‍/ചുരാചന്ദ്പുര്‍: മണിപ്പൂരിലെ മോറെ നഗരത്തില്‍ സുരക്ഷസേനയും തീവ്രവാദികളെന്ന് സംശയിക്കുന്നവരും തമ്മില്‍ വീണ്ടും വെടിവെപ്പ്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പൊലീസിനെ ആക്രമിച്ചെന്നാരോപിച്ച് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത രണ്ടുപേരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ സ്ത്രീകള്‍ സംഘടിച്ചെത്തിയപ്പോള്‍ ചിലര്‍ സുരക്ഷസേനക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. സേന തിരിച്ചടിച്ചു.
ഇവിടെ തീവ്രവാദികളും സുരക്ഷസേനയും തമ്മില്‍ തിങ്കളാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ നാലു പൊലീസുകാര്‍ക്കും ബി.എസ്.എഫ് ജവാനും പരിക്കേറ്റിരുന്നു. ഇന്ത്യ-മ്യാന്മര് അതിര്‍ത്തിക്ക് സമീപമുള്ള മോറെയില്‍ നിരവധി തവണ തീവ്രവാദികളും സുരക്ഷസേനയും നേരത്തേ ഏറ്റുമുട്ടിയിട്ടുണ്ട്. സുരക്ഷസേനക്കുനേരെയുള്ള അക്രമത്തിന് പിന്നില്‍ മ്യാന്മറില്നിന്നുള്ള കൂലിപ്പട്ടാളക്കാരാണെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേൻ സിങ് ആരോപിച്ചു. പരിക്കേറ്റ പൊലീസുകാരെ റീജനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസില്‍ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, തിങ്കളാഴ്ച തൗബാല്‍ ജില്ലയിലുണ്ടായ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം നാലായി. ന്യൂനപക്ഷ വിഭാഗത്തിന് മേധാവിത്വമുള്ള ലിലോങ് ചിങ്ജാവോ പ്രദേശത്തെത്തിയ അജ്ഞാതര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് ഗ്രാമവാസികളായ നാലുപേര്‍ കൊല്ലപ്പെട്ടത്. നേരത്തേ മൂന്നുപേരാണ് മരിച്ചത്. പരിക്കേറ്റ ഒരാള്‍ പിന്നീട് ആശുപത്രിയിലാണ് മരിച്ചത്. പരിക്കേറ്റ 10 പേര് ആശുപത്രിയിലാണ്. തിങ്കളാഴ്ച വൈകീട്ടാണ് അജ്ഞാതര്‍ വെടിയുതിര്‍ത്തത്. മുഹമ്മദ് ദൗലത്ത് (30), എം. സിറാജുദ്ദീൻ (50), മുഹമ്മദ് അസദ് ഖാൻ (40), മുഹമ്മദ് ഹുസൈൻ (22) എന്നിവരാണ് മരിച്ചത്.
അക്രമികളെത്തിയ നാലു വാഹനങ്ങള്‍ക്ക് ജനം തീയിട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇംഫാല്‍ താഴ്വരയിലെ അഞ്ചു ജില്ലകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. തൗബാല്‍, ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, കാക്ചിങ്, ബിഷ്ണുപുര്‍ ജില്ലകളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. നാലുപേര്‍ വെടിയേറ്റ് മരിച്ചതിനെതുടര്‍ന്ന് പ്രദേശത്ത് തിങ്കളാഴ്ച രാത്രി സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. വിവിധ മതവിഭാഗക്കാരുടെയും പ്രമുഖ വ്യക്തികളുടെയും യോഗം വിളിച്ച് ലിലോങ് എം.എല്‍.എ അബ്ദുല്‍ നാസറും മുഖ്യമന്ത്രി ബിരേൻ സിങ്ങും കുറ്റവാളികളെ അറസ്റ്റ് ചെയ്യുമെന്നും ശിക്ഷ ഉറപ്പുവരുത്തുമെന്നും ഉറപ്പുനല്‍കിയതിന് പിന്നാലെയാണ് സംഘര്‍ഷാവസ്ഥ അയഞ്ഞത്.
ഇതിനിടെ, മണിപ്പൂരില്‍ രണ്ടു വിദ്യാര്‍ഥികളുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന സി.ബി.ഐ അഞ്ച് പ്രതികള്‍ക്കെതിരെ രണ്ട് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. കാണാതായ പെണ്‍കുട്ടിയും ആണ്‍കുട്ടിയും വംശഹത്യക്കിടെ കൊല്ലപ്പെട്ടതായാണ് സംശയിക്കുന്നത്.