തൃശൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ തൃശൂർ ഒരുങ്ങിയിരിക്കവേ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിക്കായി മുളയത്തു ചുവരെഴുത്ത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ ബിജെപി പ്രഖ്യാപിക്കും മുൻപാണു സുരേഷ് ഗോപിക്കായി ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘സുരേഷ് ഗോപിയെ വിജയിപ്പിക്കുക, ചതിക്കില്ല എന്നത് ഉറപ്പാണ്, തൃശ്ശൂരിന്റെ സ്വന്തം’ എന്നിങ്ങനെ പോകുന്നു ചുവരെഴുത്തുകൾ.
നേതൃത്വത്തിന്റെ അറിവോടെയല്ല ചുവരെഴുത്തെന്നാണു സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശിന്റെ വിശദീകരണം. ‘‘നമ്മുടെ അറിവോടു കൂടിയല്ല. ആളുകളുടെ ആഗ്രഹമാണ്. ആഗ്രഹം ആളുകൾ പലതരത്തിൽ പ്രകടിപ്പിക്കും. ചിലയാളുകൾ സുരേഷ് ഗോപിയോടു നേരിട്ടു പറയും. ചിലയാളുകൾ പാർട്ടി നേതൃത്വത്തോടു പറയും. ചിലയാളുകൾ പരസ്യപ്രചാരണത്തിലൂടെ പറയും. തൃശൂരിലെ ജനങ്ങളുടെ പൊതുവികാരമായിട്ടു കണ്ടാൽമതി’’– എം.ടി.രമേശ് പറഞ്ഞു.
അതേസമയം പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ തൃശൂരിൽ പുരോഗമിക്കുകയാണ്. നാളെ രാവിലെ 11 മണിമുതൽ നഗരത്തിലും പരിസരപ്രദേശത്തും ഗതാഗതനിയന്ത്രണം ഉണ്ടാവും. ഇതിനോട് അനുബന്ധിച്ച് തേക്കിൻകാട് മൈതാനത്തും സ്വരാജ് റൗണ്ടിലും സമീപപ്രദേശത്തും പാർക്കിങ് അനുവദിക്കില്ല. വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്ത് ഗതാഗത തടസ്സം ഉണ്ടാക്കിയാൽ കർശന നടപടിയുണ്ടാകുമെന്നു ട്രാഫിക് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ അറിയിച്ചു. പൊതുജനങ്ങൾ അത്യാവശ്യ സാഹചര്യമില്ലാത്തപക്ഷം നഗരത്തിലേയ്ക്കു സ്വകാര്യ വാഹനങ്ങളിൽ വരുന്നതു കഴിയുന്നതും ഒഴിവാക്കി സഹകരിക്കണം.