ഭാര്യയോട് ലൈംഗിക വൈകൃതം കാണിക്കുന്നത് വിവാഹ മോചനത്തിന് മതിയായ കാരണമെന്ന് ഹൈക്കോടതി

കൊച്ചി : ഭാര്യയോട് ലൈംഗിക വൈകൃതം കാണിക്കുന്നത് മാനസികവും ശാരീരികവുമായ ക്രൂരതയാണെന്നും വിവാഹമോചനത്തിനുള്ള മതിയായ കാരണമായി അത് കണക്കാക്കാമെന്നും ഹൈകോടതി. വിവാഹമോചന ഹരജി എറണാകുളം കുടുംബ കോടതി തള്ളിയതിനെതിരെ യുവതി നല്‍കിയ ഹരജി അനുവദിച്ചാണ് ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.

2009 ആഗസ്റ്റ് 23നായിരുന്നു ഇവരുടെ വിവാഹം. 17 ദിവസം കഴിഞ്ഞ് ഭര്‍ത്താവ് വിദേശത്തേക്ക് ജോലിക്ക് പോയി. 2009 നവംബര്‍ 29 വരെ ഭര്‍തൃഗൃഹത്തില്‍ താമസിച്ചെങ്കിലും ഭര്‍തൃവീട്ടുകാര്‍ തന്നെ പുറത്താക്കിയെന്ന് കുടുംബ കോടതിയില്‍ നല്‍കിയ വിവാഹമോചന ഹരജിയില്‍ ഇവര്‍ പറഞ്ഞിരുന്നു. ഭര്‍ത്താവ് ലൈംഗിക വൈകൃതമുള്ളയാളാണെന്നും ഉപേക്ഷിച്ചുപോയ അയാള്‍ പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ലെന്നും ആരോപിച്ചിരുന്നു. എന്നാല്‍, വിവാഹമോചനത്തിനുവേണ്ടിയാണ് ഈ ആരോപണങ്ങളെന്നും ബന്ധം പുനഃസ്ഥാപിക്കാൻ തയാറാണെന്നുമായിരുന്നു ഭര്‍ത്താവിന്‍റെ വാദം. ഇവര്‍ക്ക് ഭര്‍ത്താവ് 2013 മുതല്‍ ചെലവിന് നല്‍കുന്നുണ്ടെന്ന് വിലയിരുത്തിയ കുടുംബ കോടതി വിവാഹ മോചന ഹരജി തള്ളി.
എന്നാല്‍, വിവാഹബന്ധം പുനഃസ്ഥാപിക്കാൻ തയാറാണെന്ന് 2017ല്‍ വ്യക്തമാക്കിയെങ്കിലും ഇതിനുള്ള നടപടി ഭര്‍ത്താവ് സ്വീകരിച്ചിട്ടില്ലെന്ന് ഹൈകോടതി വിലയിരുത്തി. ചെലവിന് ലഭിക്കാൻ കോടതിയെ സമീപിച്ച ശേഷമാണ് തുക നല്‍കുന്നത്. ഹരജിക്കാരിയെ ഉപേക്ഷിച്ചെന്ന ആരോപണത്തിന് തെളിവില്ലെന്ന ഭര്‍ത്താവിന്‍റെ വാദം അംഗീകരിച്ചാലും ലൈംഗികവൈകൃത സ്വഭാവം വിവാഹമോചനത്തിന് മതിയായ കാരണമാണെന്നും കോടതി വ്യക്തമാക്കി.
രണ്ട് മുതിര്‍ന്ന വ്യക്തികള്‍ പരസ്പര സമ്മതത്തോടെ സ്വകാര്യതയില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നത് അവരുടെ തീരുമാനമാണ്. എന്നാല്‍, പങ്കാളികളില്‍ ഒരാളുടെ പ്രവൃത്തി സ്വാഭാവിക മനുഷ്യസഹജമായ പ്രവൃത്തിയല്ലെന്ന് തോന്നി മറ്റെയാള്‍ എതിര്‍ത്തിട്ടും നിര്‍ബന്ധപൂര്‍വം അത് തുടരുന്നത് ക്രൂരതയാണ്. വിവാഹമോചനത്തെ ന്യായീകരിക്കാവുന്ന ക്രൂരതയാണെന്ന് വിലയിരുത്തിയ കോടതി, ഹരജി അനുവദിക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News