ഇടുക്കി: വെള്ളിയാമറ്റത്ത് 13 പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ കുട്ടിക്കർഷകരായ മാത്യുവിനും ജോർജ്കുട്ടിക്കും സഹായം. മന്ത്രിമാരായ ജെ. ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും കുട്ടിക്കർഷകരുടെ വീട്ടിലെത്തി. ഇൻഷുറൻസോടെ അഞ്ച് പശുക്കളെ നൽകുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. ഒരു മാസത്തെ കാലിത്തീറ്റയും അടിയന്തര സഹായമായി മിൽമ 45,000 രൂപയും നൽകും. നാളത്തെ മന്ത്രിസഭ യോഗത്തിൽ വിഷയം അവതരിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സഹോദരങ്ങളായ ജോർജിന്റെയും (18) മാത്യുവിന്റെയും (15) പശുക്കളാണ് ചത്തത്. വിവരമറിഞ്ഞ് മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി മറ്റു പശുക്കൾക്ക് അടിയന്തര ചികിത്സ ഉറപ്പാക്കി.
മാത്യുവിന് 2021ൽ മികച്ച കുട്ടി ക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. മൂന്ന് വർഷം മുമ്പ് പിതാവ് ബെന്നി മരിച്ചതോടെ കുട്ടികളാണ് പശുക്കളെ വളർത്തിയിരുന്നത്. ഇവരുടെ ഫാമിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
സഹായവുമായി നടൻ ജയറാം ജോർജിന്റെയും മാത്യുവിന്റെയും വീട്ടിലെത്തി. പുതിയ ചിത്രത്തിന്‍റെ ട്രെയിലര്‍ ലോഞ്ചിന് വേണ്ടി മാറ്റിവച്ച പണം കുട്ടിക്കര്‍ഷകര്‍ക്ക് ജയറാം നല്‍കി. സമാനമായ അനുഭവം ആറേഴ് വര്‍ഷം മുന്‍പ് തനിക്കും ഉണ്ടായിട്ടുണ്ടെന്ന് ജയറാം പറഞ്ഞു. 24 പശുക്കള്‍ ഒരു ദിവസം ഏതാനും സമയത്തിനുള്ളില്‍ ചത്തെന്നും നിലത്തിരുന്ന് കരയുകയായിരുന്നു അന്ന് താനെന്നും ജയാറം പറഞ്ഞു.
മാത്രമല്ല, കൂട്ടികൾക്ക് കൂടുതൽ സഹായമെത്തുമെന്നും ജയറാം അറിയിച്ചു. മമ്മൂട്ടി ഒരു ലക്ഷം രൂപയും പൃഥ്വിരാജ് 2 ലക്ഷം രൂപയുമാണ് വാഗ്ദാനം ചെയ്തത്. ഇരുവരും ഇന്ന് വൈകുന്നേരം പണം കുട്ടികൾക്ക് എത്തിക്കുമെന്നാണ് വിവരം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു