പുതുവർഷത്തലേന്ന് സ്പെഷൻ റെസിപ്പിയുമായി കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയും രാഹുലും. അമ്മയും മകനും ചേർന്ന് ഓറഞ്ച് ജാം തയാറാക്കുന്നതിന്റെ വിഡിയോ രാഹുൽ തന്നെയാണ് യു ട്യൂബിൽ അപ് ലോഡ് ചെയ്തത്.
ഇരുവരും ചേർന്ന് വീട്ടിലെ അടുക്കളത്തോട്ടത്തിൽനിന്ന് ചെറിയ ഓറഞ്ച് ശേഖരിക്കുന്നതും ഇലകൾ കളയുന്നതും മുറിച്ച് പാചകത്തിനായി ഒരുക്കുന്നതുമെല്ലാം വിഡിയോയിലുണ്ട്. ബി.ജെ.പിക്ക് ജാം വേണമെങ്കിൽ അവർക്കും നൽകുമെന്ന് രാഹുൽ തമാശ രൂപത്തിൽ പറയുമ്പോൾ അവർ അത് തങ്ങൾക്ക് നേരെ എറിയുമെന്ന് സോണിയ മറുപടി നൽകുന്നു. ‘അത് കൊള്ളാം, അപ്പോൾ നമുക്ക് അത് വീണ്ടും എടുക്കാം’ എന്നും രാഹുൽ പറയുന്നു. തയാറാക്കുന്നതിനിടെ ഇത് യഥാർഥത്തിൽ സഹോദരി പ്രിയങ്ക ഗാന്ധിയുടെ റെസിപ്പിയാണെന്നും അമ്മയുടെ ഇഷ്ട വിഭവമാണെന്നും രാഹുൽ വെളിപ്പെടുത്തുന്നു.
ഭക്ഷണത്തിലെ രാഷ്ട്രീയത്തെ കുറിച്ചും വിഡിയോയുടെ അവസാനത്തിൽ പറയുന്നുണ്ട്. ‘ഭക്ഷണത്തെച്ചൊല്ലി വലിയ രാഷ്ട്രീയ പോരാട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഭക്ഷണത്തെക്കുറിച്ച് ഗാന്ധിജിക്ക് പ്രത്യേക കാഴ്ചപ്പാടുണ്ടായിരുന്നു. വെജിറ്റേറിയൻ ഭക്ഷണവും ആട്ടിൻ പാലും അടക്കം അദ്ദേഹത്തിന് ഒരുകൂട്ടം പോഷക ആശയങ്ങളുണ്ടായിരുന്നു. ഗാന്ധിജിയുടേതിൽനിന്ന് അൽപം വ്യത്യസ്തമായ പോഷകാഹാര ആശയങ്ങൾ എനിക്കുമുണ്ട്’, രാഹുൽ പറഞ്ഞു.
ഇന്ത്യയിലെത്തിയയുടൻ ഭക്ഷണങ്ങളുമായി പൊരുത്തപ്പെടാൻ സമയമെടുത്ത കാര്യവും സോണിയ ഓർത്തെടുത്തു. ഒരു ഇന്ത്യക്കാരൻ വിദേശത്ത് പോകുമ്പോൾ എല്ലായിടത്തും ഇന്ത്യൻ റസ്റ്ററന്റുകൾ ഉളളതിനാൽ വലിയ പ്രശ്നമുണ്ടാകില്ല. എന്നാൽ, നിങ്ങൾക്ക് യു.കെയിലോ മറ്റെവിടെയെങ്കിലുമോ ഉള്ള ഭക്ഷണങ്ങളുമായി പൊരുത്തപ്പെടാൻ കഴിയില്ല. അതുപോലെ, ഞാൻ ഇവിടെ വന്നപ്പോൾ ഇന്ത്യൻ രുചിക്കൂട്ടുകളോട്, പ്രത്യേകിച്ച് മുളകിനോട് പൊരുത്തപ്പെടാൻ സമയമെടുത്തു. എന്നാൽ, ഇപ്പോൾ ഞാൻ അവയെല്ലാം ഇഷ്ടപ്പെടുന്നു. ഇപ്പോൾ വിദേശത്ത് പോകുമ്പോൾ എനിക്ക് ആദ്യം വേണ്ടത് പരിപ്പ് കറിയും ചോറുമാണ്’ -സോണിയ പറഞ്ഞു.
അമ്മയാണ് വീട്ടിലെ മികച്ച പാചകക്കാരിയെന്ന് പറഞ്ഞ രാഹുൽ, ഇന്ത്യൻ വിഭവങ്ങൾ അവർ പാചകം ചെയ്യാൻ പഠിച്ചത് കശ്മീരിലെ ബന്ധുക്കളിൽനിന്നാണെന്നും വെളിപ്പെടുത്തി. എട്ട് ലക്ഷത്തോളം പേരാണ് ഇതിനകം വിഡിയോ കണ്ടത്. നിരവധി പേരാണ് ആശംസയുമായും അഭിപ്രായങ്ങളുമായും കമന്റ് ബോക്സിലെത്തുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു