ഷാർജ : ട്വന്റി20 ക്രിക്കറ്റിലെ അട്ടിമറി വീരൻമാരായ അഫ്ഗാനിസ്ഥാനെ അട്ടിമറിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് യുഎഇ. ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ 11 റൺസിനാണ് ആതിഥേയരുടെ വിജയം. ഇതോടെ മൂന്നു മത്സരങ്ങളുള്ള പരമ്പരയിൽ യുഎഇ അഫ്ഗാനൊപ്പമെത്തി. ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ വിജയിച്ചിരുന്നു. ഷാർജയിൽ നടന്ന പോരാട്ടത്തിൽ ടോസ് നേടിയ യുഎഇ ആദ്യം ബാറ്റിങ്ങിന് ഇറങ്ങാൻ തീരുമാനിക്കുകയായിരുന്നു.
20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ യുഎഇ നേടിയത് 166 റൺസ്. മറുപടി ബാറ്റിങ്ങിൽ 19.5 ഓവറിൽ 155 റൺസെടുത്ത് അഫ്ഗാനിസ്ഥാൻ പുറത്തായി. യുഎഇയ്ക്കു വേണ്ടി മുഹമ്മദ് ജവാദുല്ല, അലി നസീര്‍ എന്നിവർ നാലു വിക്കറ്റുവീതം വീഴ്ത്തി. 27 പന്തിൽ 47 റൺസെടുത്ത മുഹമ്മദ് നബിയാണ് അഫ്ഗാന്റെ ടോപ് സ്കോറർ.
ആദ്യം ബാറ്റു ചെയ്ത യുഎഇയ്ക്കായി ഓപ്പണർമാരായ മുഹമ്മദ് വാസിം, ആര്യൻ ലാക്ര എന്നിവർ അർധ സെഞ്ചറി നേടി. ക്യാപ്റ്റൻ മുഹമ്മദ് വാസിം 32 പന്തിൽ 53 റൺസെടുത്തപ്പോൾ, ആര്യൻ 47 പന്തിൽ 63 റൺസുമായി പുറത്താകാതെനിന്നു. 72 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഓപ്പണിങ് വിക്കറ്റിൽ ഇരുവരും പടുത്തുയർത്തിയത്.
യുഎഇയുടെ അലി നസീറാണു കളിയിലെ താരം. പരമ്പരയിലെ അവസാന മത്സരം ചൊവ്വാഴ്ച ഷാർജയിൽ നടക്കും. അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ റാഷിദ് ഖാൻ രണ്ടാം മത്സരം കളിക്കാൻ ഇറങ്ങിയിരുന്നില്ല. അടുത്ത ആഴ്ച അഫ്ഗാനിസ്ഥാന് ഇന്ത്യയ്ക്കെതിരെ ട്വന്റി20 പരമ്പരയുണ്ട്. ജനുവരി 11ന് മൊഹാലിയിലാണ് ആദ്യ മത്സരം.