കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് മാറ്റിവെച്ച കൊച്ചിയിലെ നവകേരള സദസ്സ് നാളെയും മറ്റന്നാളുമായി നടക്കും. തൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട്, തൃക്കാക്കര മണ്ഡലങ്ങളിലാണ് നവകേരള സദസ് നടക്കാനുള്ളത്. ചുമതലയേറ്റ പുതിയ രണ്ട് മന്ത്രിമാരും പരിപാടിയിൽ പങ്കെടുക്കും. മുഖ്യമന്ത്രിക്കുള്ള ബോംബ് ഭീഷണിയുടെ സാഹചര്യത്തിൽ കൊച്ചിയിൽ സുരക്ഷ വർധിപ്പിച്ചു.
ഈ മാസം എട്ടിനാണ് കാനം രാജേന്ദ്രൻ അന്തരിച്ചത്. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധിതനായി കുറച്ചുനാളായി ആശുപത്രിയിലായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിന് തുടർന്ന് കാൽപാദം മുറിച്ച് മാറ്റേണ്ടി വന്നിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ശ്വാസതടസം നേരിടുകയും ഹൃദയാഘാതം സംഭവിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു.
കോട്ടയം വാഴൂർ സ്വദേശിയാണ്. പാർട്ടി സംസ്ഥാന സെക്രട്ടറി ചുമതലയിൽ നിന്നും മൂന്നുമാസത്തെ അവധിക്ക് അപേക്ഷ നൽകിയിരിക്കെയാണ് അന്ത്യം. 2015 മുതൽ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയാണ്.വിദ്യാർത്ഥി പ്രസ്ഥാനമായ എഐവൈഎഫിൽ നിന്നായിരുന്നു കാനം രാജേന്ദ്രന്റെ തുടക്കം. തന്റെ പത്തൊൻപതാം വയസിൽ കാനം എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായി.
പിന്നീട് എഐടിയുസിയിൽ സജീവമായി പ്രവർത്തിക്കുകയും തൊഴിലാളി പ്രസ്ഥാനത്തിലെ പ്രവർത്തന മികവിലൂടെ ജനശ്രദ്ധയാകർഷിക്കുകയും ചെയ്തു. 21-ാം വയസിലാണ് കാനം രാജേന്ദ്രൻ സിപിഐ സംസ്ഥാന കൗൺസിലിൽ എത്തുന്നത്. സി കെ ചന്ദ്രപ്പന്റെ ഒഴിവിലാണ് കാനം രാജേന്ദ്രൻ സിപിഐ സംസ്ഥാന സെക്രട്ടറിയാകുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴും ഇടതുപക്ഷമുന്നണിയ്ക്കുള്ളിലെ പ്രധാന തിരുത്തൽ ശക്തിയായി കാനം പ്രവർത്തിച്ചുവരികയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു