കൊച്ചി: മോദി സർക്കാരിൻെറ 10 വർഷത്തെ ഭരണ കാലത്ത് നികുതി പിരിവ് മൂന്നു മടങ്ങ് വർധിച്ച് 19 ലക്ഷം കോടി രൂപയായി. വ്യക്തികളുടെ വർദ്ധിച്ച വരുമാനം മൂലം ആദായ നികുതിയിലും വർധന. 2013-14 സാമ്പത്തിക വർഷത്തിലെ നികുതി പിരിവ് 6.38 ലക്ഷം കോടിയിൽ നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 16.61 ലക്ഷം കോടി രൂപയായാണ് ഉയർന്നത്. ഈ സാമ്പത്തിക വർഷത്തിൽ, മൊത്തം പ്രത്യക്ഷ നികുതി പിരിവിൽ 20 ശതമാനമാണ് വർധന. വ്യക്തിഗത ആദായനികുതി, കോർപ്പറേറ്റ് നികുതി എന്നിവ വർധിച്ചിട്ടുണ്ട്. 2024 മാർച്ച് 31-ന് അവസാനിക്കുന്ന സാമ്പത്തിക വർഷം നികുതി പിരിവ് റെക്കോഡിൽ എത്തിയേക്കുമെന്ന് സൂചന.
2023-24 ബജറ്റിൽ പ്രതീക്ഷിച്ച തുക ഏകദേശം 18.23 ലക്ഷം കോടി രൂപയാണ്. നികുതി വ്യവസ്ഥകൾ ലളിതമാക്കിയത് ഗുണം ചെയ്തു. 2019 ൽ, കോർപ്പറേറ്റ് നികുതിയിലും ഇളവ് നൽകിയിരുന്നു. 2020 ഏപ്രിലിൽ വ്യക്തികൾക്കായി സമാനമായ സ്കീം അവതരിപ്പിച്ചിരുന്നു. 2023-24 ബജറ്റിൽ പുതിയ നികുതി സ്ലാബുകൾ പരിഷ്കരിച്ചിരുന്നു. പഴയ സ്ലാബോ പുതിയ സ്ലാബോ നികുതി ദായകർക്ക് തിരഞ്ഞെടുക്കാനുള്ള സ്വതന്ത്ര്യമുണ്ട്. പുതിയ ആദായനികുതി വ്യവസ്ഥ ആകർഷകമായി കണക്കാക്കുന്നവരുമുണ്ട്.
പുതിയതായി നികുതി നൽകി കൂടുതൽ പേർ
വ്യക്തിഗത നികുതിദായകർ സമർപ്പിച്ച ഐടിആറുകളുടെ എണ്ണം 2013-14ൽ 3.36 കോടിയായിരുന്നു. എന്നാൽ 2021-22ൽ 6.37 കോടിയായി ഉയർന്നു 2023 ഒക്‌ടോബർ 26 വരെ 7.41 കോടി റിട്ടേണുകൾ ഫയൽ ചെയ്തിട്ടുണ്ട്. ഇതിൽ ആദ്യമായി ഫയൽ ചെയ്തവരുടെ 53 ലക്ഷം റിട്ടേണുകൾ ഉൾപ്പെടുന്നു. ഏപ്രിൽ-മെയ് മാസങ്ങളിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ ഫെബ്രുവരി ഒന്നിന് സർക്കാർ വോട്ട് ഓൺ അക്കൗണ്ട് അവതരിപ്പിക്കും. തെരഞ്ഞെടുപ്പിന് ശേഷം രൂപീകരിക്കുന്ന പുതിയ സർക്കാർ 2024 ജൂലൈയിൽ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കും എന്നാണ് സൂചന .
അതേസമയം , ആർബിഐയുടെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന്റെ (എൽആർഎസ്) വാർഷിക പരിധി കണക്കാക്കി വിദേശ കറൻസികളിലെ ക്രെഡിറ്റ് കാർഡ് ചെലവുകൾ ഉൾപ്പെടുത്താനുള്ള സർക്കാരിന്റെ നിർദ്ദേശം ശക്തമായ തിരിച്ചടി നേരിട്ടു. വിദേശ ക്രെഡിറ്റ് കാർഡ് ചെലവുകൾ എൽആർഎസിന് കീഴിൽ കൊണ്ടുവരാനുള്ള നീക്കമാണ് തിരിച്ചടിയായത്. വിദേശത്ത് പേയ്‌മെന്റുകൾ നടത്തുന്ന സമയത്ത് ഇടിവെ ടിഡിഎസ് ഈടാക്കുന്നതിനെതിരെ പ്രതിഷേധമുണ്ട്. ടിസിഎസ് കുറയ്ക്കുമ്പോൾ പ്രശ്‌നങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് ബാങ്കുകളും അറിയിച്ചിട്ടുണ്ട്.