വിനോദയാത്രയ്ക്കിടെ വിദ്യാർത്ഥിയോട് അപമര്യാദയായി പെരുമാറിയ ഹെഡ്മിസ്ട്രസിന് സസ്പെൻഷൻ. കർണാടകത്തിലെ ചിക്കബല്ലാപ്പൂർ ജില്ലയിലുള്ള മുരുകമല്ല ഗവൺമെന്റ് ഹൈസ്‌കൂളിലെ 42 കാരിയായ ഹെഡ്മിസ്ട്രസിനെതിരെയാണ് നടപടി. അടുത്തിടെ സ്‌കൂൾ വിനോദയാത്രയ്ക്കിടെ വിദ്യാർത്ഥിയെ ഇവർ ചുംബിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിന്നാലെ കുട്ടിയുടെ രക്ഷിതാക്കൾ സ്‌കൂളിലെത്തുകയും ഹെഡ്മിസ്ട്രസിനെതിരെ സംസാരിക്കുകയും ചെയ്തിരുന്നു.
ബ്ലോക്ക് എഡ്യുക്കേഷണൽ ഓഫീസർ (ബിഇഒ) ഉമാദേവി സ്‌കൂൾ സന്ദർശിച്ച് വസ്തുതകൾ ചോദിച്ചു മനസിലാക്കിയെന്നും വിനോദയാത്രയ്ക്കിടെ എടുത്ത ചിത്രങ്ങളും വീഡിയോകളും ഹെഡ്മിസ്ട്രസ് ഡിലീറ്റ് ചെയ്‌തതായി കണ്ടെത്തിയതായും ചിക്കബെല്ലാപൂർ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻ പറഞ്ഞു. ഇവ റിട്രീവ് ചെയ്യാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നടന്നത് ദൗർഭാഗ്യകരമാണെന്നും സംഭവത്തിൽ ബിഇഒ റിപ്പോർട്ട് സമർപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹെഡ്മിസ്ട്രസിനെ സസ്‌പെൻഡ് ചെയ്തത്.
സ്‌കൂളിലെ വിദ്യാർത്ഥികളും ജീവനക്കാരും ഡിസംബർ 22 മുതൽ 25 വരെ ഹൊറനാട്, ധർമസ്ഥല, യാന തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിനോദയാത്രക്ക് പോയെന്നും അപ്പോഴാണ് സംഭവം നടന്നതെന്നും ഉമാദേവി പറഞ്ഞു. മറ്റൊരു വിദ്യാർത്ഥിയാണ് ചിത്രങ്ങൾ പകർത്തിയത്. പിന്നീട് സമൂഹമാധ്യങ്ങളിൽ പോസ്റ്റ് ചെയ്തതോടെ ഇത് വൈറലായി. ഈ രണ്ട് വിദ്യാർത്ഥികളും പ്രധാന അധ്യാപികയും ഒഴികെ മറ്റ് ജീവനക്കാരോ വിദ്യാർത്ഥികളോ സംഭവത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും ഉമാദേവി കൂട്ടിച്ചേർത്തു.