കൊച്ചി: കൊച്ചിന്‍ കാര്‍ണിവലിന്റെ ഭാഗമായി കാപ്പിരി കൊട്ടക തിയേറ്റര്‍ അവതരിപ്പിക്കാനിരുന്ന ‘ഗവര്‍ണറും തൊപ്പിയും’ നാടകത്തിന് വിലക്ക്.ഫോര്‍ട്ട് കൊച്ചി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് മീര കെ എസ് ആണ് നാടകത്തിന് വിലക്കേര്‍പ്പെടുത്തിയത്. ഇന്ന് വൈകുന്നേരം പള്ളത്ത് രാമന്‍ സാംസ്‌കാരിക കേന്ദ്രത്തില്‍ നാടകം അവതരിപ്പിക്കാനിരുന്ന സാഹചര്യത്തിലാണ് വിലക്ക്. ബിജെപി മട്ടാഞ്ചേരി മണ്ഡലം കമ്മറ്റി അംഗം ശിവകുമാര്‍ കമ്മത്ത് നല്‍കിയ പരാതിയിലാണ് നടപടി. ഫോര്‍ട്ട് കൊച്ചി പൊലീസ്, സബ് കളക്ടര്‍ എന്നിവരും നാടകം അവതരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
നാടകത്തിന്റെ പേര് മാറ്റണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഭരണഘടന പദവിയിലുള്ള വ്യക്തികളെ അവഹേളിക്കുന്ന തരത്തിലുള്ള പേരാണ് നാടകത്തിനുള്ളത് എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഗവര്‍ണര്‍ എന്ന പേര് ഉപയോഗിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ ആണ നാടകം വിലക്കണമെന്ന നോട്ടീസ് കിട്ടിയത്. ഇതിനെതിരെ പ്രതിഷേധിക്കാനാണ് തീയേറ്റര്‍ അംഗങ്ങളുടെ തീരുമാനം. ക്രിസ്റ്റഫര്‍ ഫെഡറിക് ഷില്ലര്‍ എഴുതിയ ജര്‍മ്മന്‍ നാടകത്തിന്റെ മലയാളം രൂപത്തിന്റെ ചെറിയ ഭാഗമാണ് ഈ നാടകത്തില്‍ അവതരിപ്പിക്കുന്നത്. മുന്‍പ് പല വേദികളിലും ഈ നാടകം അവതരിപ്പിച്ചിട്ടുണ്ട്.
അതേസമയം ഫോര്‍ട്ട് കൊച്ചിയില്‍ പുതുവത്സര ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വൈകീട്ട് നാല് മണിക്കു ശേഷം ഫോര്‍ട്ട് കൊച്ചിയിലേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല.ബസ് സര്‍വീസ് മാത്രമായിരിക്കും ഉണ്ടാകുക. തിക്കിലും തിരക്കിലും അപകടങ്ങള്‍ ഉണ്ടാവാതിരിക്കാൻ പാപ്പാഞ്ഞിയെ കത്തിക്കുന്ന പരേഡ് ഗ്രൗണ്ടിലും നിയന്ത്രണങ്ങളുണ്ട്.
ഈ മാസം 31നു വൈകീട്ട് നാല് മണിക്ക് ശേഷം ഫോര്‍ട്ട് കൊച്ചിയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ ഒന്നും കടത്തിവിടില്ല. രാത്രി 12നു ശേഷം ഫോര്‍ട്ട് കൊച്ചിയില്‍ നിന്നു മടങ്ങാൻ ബസ് സര്‍വീസ് ഉണ്ടായിരിക്കും. ഏഴ് മണിക്ക് ശേഷം റോ റോ സര്‍വീസും ഉണ്ടായിരിക്കില്ല. നാല് മണി വരെ വാഹനങ്ങള്‍ക്ക് വൈപ്പിനില്‍ നിന്നു ഫോര്‍ട്ട് കൊച്ചിയിലേക്ക് റോ റോ സര്‍വീസ് വഴി വരാൻ സാധിക്കും. ഏഴ് മണിയോടെ സര്‍വീസ് പൂര്‍ണമായും നിര്‍ത്തും. പരേഡ് ഗ്രൗണ്ടിലാണ് ഏറ്റവും പ്രധാനപ്പെട്ട ന്യൂ ഇയര്‍ ആഘോഷം നടക്കുന്നത്. പാപ്പാഞ്ഞിയെ കത്തിക്കുന്നു ഇവിടെ ബാരിക്കേഡ് അടക്കം വച്ച് ശക്തമായി നിയന്ത്രണമായിരിക്കും. പാര്‍ക്കിങ് പൂര്‍ണമായും നിരോധിക്കും. കൂടുതല്‍ പൊലീസിനേയും വിന്യസിക്കും.