പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തൊഴുത്ത് മാറ്റി കെട്ടിയത് കൊണ്ട് ഫലം ഉണ്ടാവില്ല. സർക്കാരിൻ്റെ നഷ്ടപ്പെട്ട പ്രതിച്ഛായ പുതിയ മന്ത്രിമാർ സ്ഥാനമേറ്റാൽ തിരിച്ച് കിട്ടില്ല. പ്രതിപക്ഷത്തിനെതിരായ ഗണേഷ് കുമാറിൻ്റെ പരാമർശം മന്ത്രിസ്ഥാനം ലഭിച്ചതിലെ ആഹ്ലാദമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്ക് പുതിയ കാരവാനിന്റെ ആവശ്യമില്ല എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഇപ്പോഴും ജീവിക്കുന്നത് കാരവാനിലാണ്. ആയിരം അടി ദൂരെനിന്നേ ജനങ്ങളെ മുഖ്യമന്ത്രി കാണുന്നുള്ളൂ. അയോധ്യ രാമക്ഷേത്ര വിഷയത്തിൽ ഹൈക്കമാൻഡ് പരസ്യ പ്രതികരണങ്ങൾ വിലക്കിയിട്ടുണ്ട് എന്ന് പറഞ്ഞ അദ്ദേഹം പാർട്ടി ഔദ്യോഗിക നിലപാട് പ്രഖ്യാപിക്കും എന്നും കൂട്ടിച്ചേർത്തു.
വൈകിട്ട് നാല് മണിക്ക് രാജ്ഭവനിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദയിയിലാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. സർക്കാരുമായുള്ള രൂക്ഷമായ പോര് തുടരുന്നതിനിടെയാണ് ഗവർണറും മുഖ്യമന്ത്രിയും ഒരേ വേദിയിൽ എത്തുന്നത്. ഗണേഷിന് ഗതാഗതവകുപ്പും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പും നൽകുമെന്നുമാണ് വിവരം. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഗവർണറുടെ ചായസത്കാരവും ഉണ്ടാകും. ചടങ്ങിന് ശേഷം ഗവർണർ മുംബൈക്ക് പോകും.
എൽഡിഎഫിലെ ഘടക കക്ഷികൾക്കെല്ലാം മന്ത്രിസഭയിൽ പ്രാതിനിധ്യമെന്ന ഇടത് മുന്നണിയുടെ മുൻ ധാരണപ്രകാരമാണ് മന്ത്രിസ്ഥാനത്ത് രണ്ടര വർഷം പൂർത്തിയാക്കിയ ആൻറണി രാജുവും അഹമ്മദ് ദേവർകോവിലും രാജി വെച്ചത്. പകരം കേരള കോൺഗ്രസ് ബിയുടെ കെബി ഗണേഷ് കുമാറും കോൺഗ്രസ് എസിൻറെ കടന്നപ്പള്ളി രാമചന്ദ്രനും രണ്ടാം പിണറായി സർക്കാരിൻ്റെ രണ്ടാം ടേമിൽ ഇന്ന് മന്ത്രി പദത്തിലേക്ക് എത്തും. വൈകുന്നേരം നാല് മണിക്ക് രാജ്ഭവനിൽ സജ്ജമാക്കിയിട്ടുള്ള പ്രത്യേക പന്തലിലാണ് സത്യപ്രതിജ്ഞ ചടങ്ങ്.
സിനിമ വകുപ്പ് കിട്ടിയാൽ സന്തോഷമെന്നും സിനിമ വകുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ബി കത്ത് കൊടുത്തിട്ടില്ല എന്നും കെബി ഗണേഷ് കുമാർ പറഞ്ഞിരുന്നു. കെഎസ്ആർടിസിയിൽ പ്രശ്നങ്ങളുണ്ട്. സഹകരിച്ചാൽ വിജയിപ്പിക്കാമെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു