നാഗ്പുര്‍: കേന്ദ്രത്തില്‍ ഇൻഡ്യ സഖ്യം അധികാരത്തിലെത്തിയാല്‍ ജാതി സെൻസസ് നടത്തുമെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ‘ഞങ്ങള്‍ തയാറാണ്’ തലക്കെട്ടില്‍ കോണ്‍ഗ്രസ് 139ാം സ്ഥാപകദിനത്തില്‍ ആര്‍.എസ്.എസ് ആസ്ഥാനമായ നാഗ്പുരില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിന്നാക്ക വിഭാഗക്കാര്‍ക്കും ദലിതുകള്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും ഇപ്പോഴും പല മേഖലകളിലും മതിയായ പ്രാതിനിധ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ജാതി സെൻസസ് നടത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒ.ബി.സിക്കാരനാണെന്നാണ് നേരത്തെ അവകാശപ്പെട്ടിരുന്നത്. എന്നാല്‍, ജാതി സെൻസസ് നടത്തണമെന്ന് താൻ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം പറയുന്നു രാജ്യത്ത് പാവങ്ങള്‍ എന്ന ഒറ്റ ജാതിയേ ഉള്ളൂവെന്ന്. അങ്ങനെയെങ്കില്‍ താൻ ഒ.ബി.സിയാണെന്ന് അദ്ദേഹം നിരന്തരം പറയുന്നതെന്തിനാണെന്ന് രാഹുല്‍ ചോദിച്ചു.
രാഷ്ട്രീയാധികാരത്തിനുള്ള പോരാട്ടത്തിന്റെ അടിസ്ഥാനം പ്രത്യയശാസ്ത്രമാണ്. രണ്ട് വിരുദ്ധ പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് തെരഞ്ഞെടുപ്പില്‍ രാജ്യത്ത് നടക്കാനിരിക്കുന്നത്. സാധാരണക്കാരന് അധികാരം കൈമാറുകയെന്ന ലക്ഷ്യമാണ് കോണ്‍ഗ്രസിനുള്ളത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ എത്ര യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാൻ മോദി സര്‍ക്കാറിന് സാധിച്ചുവെന്ന് അദ്ദേഹം ചോദിച്ചു. തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമാണിപ്പോള്‍. ഇൻഡ്യ സഖ്യത്തിന് മാത്രമേ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാൻ സാധിക്കു.
ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ വലിയൊരു വിഭാഗത്തെ പട്ടിണിയിലേക്ക് തള്ളിവിട്ടു. ബി.ജെ.പിയില്‍നിന്ന് വ്യത്യസ്തമായി ഏറ്റവും താഴേക്കിടയിലുള്ള പ്രവര്‍ത്തകന് പോലും മുതിര്‍ന്ന നേതാക്കളെ ചോദ്യം ചെയ്യാവുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സര്‍വകലാശാലകളിലെ വൈസ് ചാൻസലര്‍മാരെ മെറിറ്റ് അടിസ്ഥാനത്തിലല്ല, പ്രത്യേക സംഘടനയുമായുള്ള ബന്ധം പരിഗണിച്ചാണ് നിശ്ചയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇൻഡ്യ സഖ്യം അധികാരത്തിലെത്തിയാല്‍ ന്യായ് പദ്ധതി നടപ്പാക്കുമെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുൻ ഖാര്‍ഗെ പറഞ്ഞു.