കാഠ്മണ്ഡു: ഈ വര്‍ഷമാദ്യം നേപ്പാളിലെ പൊഖാരയിലുണ്ടായ വിമാനാപകടം മാനുഷിക പിഴവു കൊണ്ടാണ് സംഭവിച്ചതെന്നു റിപ്പോര്‍ട്ട്. ജനുവരി 15നാണ് അഞ്ച് ഇന്ത്യക്കാരടക്കം 72 പേര്‍ മരിച്ച അപകടമുണ്ടായത്. യെതി എയര്‍ലൈൻസിന്റെ വിമാനമാണ് തകര്‍ന്നു വീണത്. അഞ്ചംഗ അന്വേഷണ കമ്മീഷൻ, റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിലാണ് മനുഷ്യ സഹജ പിഴവാണ് അപകടത്തിനിടയാക്കിയതെന്നു വ്യക്തമാക്കുന്നത്.
അപകടം നടന്ന ഉടനെ തന്നെ സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. എട്ട് മാസവും മൂന്ന് ദിവസവും നീണ്ട അന്വേഷണത്തിനൊടുവിലാണ് കമ്മീഷൻ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. യാത്രക്കാരും ജീവനക്കാരുമുള്‍പ്പെടെയുള്ളവരാണ് മരിച്ചത്.
പൊഖാരയില്‍ ലാൻഡ് ചെയ്യുന്നതിനു തൊട്ടു മുൻപാണ് യെതി എയര്‍ലൈൻസിന്റെ 9എൻ-എഎൻസി എടിആര്‍-72 വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് തകര്‍ന്നു വീണത്. അഭിഷേക് കുശ്‍വാഹ (25), ബിഷാല്‍ ശര്‍മ (22), അനില്‍ കുമാര്‍ രാജ്ഭാര്‍ (27), സോനു ജയ്സ്വാള്‍ (35), സഞ്ജയ് ജയ്സ്വാള്‍ (26) എന്നിവരാണ് അപകടത്തില്‍ മരിച്ച ഇന്ത്യക്കാര്‍.