ക്യാൻസർ ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം മുൻപത്തേക്കാൾ വളരെയധികം വർധിക്കുകയാണ്. രോഗം ഗുരുതരമാകുന്നതിന് മുൻപ് തന്നെ ശരീരം പ്രകടമാക്കുന്ന ലക്ഷണങ്ങൾ അവഗണിക്കുന്നതാണ് ചികിത്സ പരാജയപ്പെടുന്നതിന് കാരണമാകുന്നതും. സ്ത്രീകളിൽ ക്യാൻസർ ബാധിച്ചു കഴിഞ്ഞാൽ ശരീരം തന്നെ ചില ലക്ഷണങ്ങൾ കാണിച്ച് തരും. എന്നാൽ ഈ ലക്ഷണങ്ങൾ ക്യാൻസറിൻ്റെ ഭാഗമായുള്ളതാണെന്ന് മനസിലാക്കാതെ പോകുന്നതാണ് കൂടുതൽ പ്രശ്നനങ്ങൾക്ക് വഴിവെക്കുന്നത്. സ്ത്രീകളിൽ ക്യാൻസർ ബാധിച്ചാൽ സാധാരണ കണ്ടുവരുന്ന ചില ലക്ഷണങ്ങൾ (Cancer Symptoms In Women) അറിഞ്ഞിരിക്കാം.
സ്തനങ്ങളിൽ മുഴ രൂപപ്പെടുക
സ്ത്രീകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ക്യാൻസർ വിഭാഗമാണ് സ്തനാർബുദം (Breast Cancer). ലോകത്തെ മുഴുവൻ കണക്കെടുത്താൽ വർഷം 2.1 മില്ല്യൺ സ്ത്രീകളിൽ സ്തനാർബുദം ബാധിക്കുന്നു എന്നാണ് കണക്ക്. രോഗം സംശയിക്കപ്പെടുന്നതിനു വളരെ മുൻപ് തന്നെ സ്തനങ്ങളിൽ ചില ലക്ഷണങ്ങൾ കാണപ്പെടാറുണ്ട്. അതിലൊന്നാണ് ചെറിയ മുഴകൾ. കക്ഷത്തിനോട് ചേർന്നോ സ്തനങ്ങൾക്ക് മുകളിലോ വേദനയില്ലാത്ത ചെറിയ മുഴകൾ കാണപ്പെടുന്നത് സ്തനാർബുദത്തിൻറെ ലക്ഷണമാകാം.
ഇത് വലിയ രീതിയിൽ തെളിഞ്ഞു കാണണമെന്നില്ല, അതിനാൽ തന്നെ ഇടയ്ക്കിടെ സ്തനങ്ങൾ കൈ ഉപയോഗിച്ച് പരിശോധിക്കുന്നത് ഗുണം ചെയ്യും. ഇത് നിശ്ചിത ഇടവേളകളിൽ ചെയ്യണം. സ്വയം പരിശോധിക്കുന്നതിലൂടെ തന്നെ ഇത് തിരിച്ചറിയാം. അല്ലെങ്കിൽ വിദഗ്ദ സഹായത്തോടെയും ഇത് കണ്ടെത്താൻ കഴിയും. വളരെ സാധാരണമായി കണ്ടുവരുന്ന ഒരു ലക്ഷണമാണിത്. കൂടാതെ നിപ്പിളിലൂടെ മുലപ്പാൽ അല്ലാതെ മറ്റെന്തെങ്കിലും തരത്തിലുള്ള ദ്രാവകങ്ങൾ പുറത്തേക്ക് വരുന്നുവെങ്കിലും ലക്ഷണം ഗൗരവകരമായി കണക്കാക്കുകയും ഡോക്ടറെ സമീപിക്കുകയും വേണം.
വിട്ടുമാറാത്ത പനിയും അണുബാധയും
പനി വരുന്നത് സാധാരണമാണ്. എന്നാൽ തുടർച്ചയായി പനി വന്നു കൊണ്ടിരിക്കുന്നത് ഒരു സാധാരണ ലക്ഷണമല്ല. പനിയോ അല്ലെങ്കിൽ തുടർച്ചയായുള്ള അണുബാധയോ ലിംഫോമ അല്ലെങ്കിൽ രക്താർബുദത്തെ സൂചിപ്പിക്കുന്നതാവാം. പ്രതിരോധ ശേഷിയെ തുടർച്ചയായി ഇത് ബാധിക്കുന്നതാണ് പ്രധാന ലക്ഷണം.
തുടർച്ചയായുള്ള ക്ഷീണം
സ്ത്രീകൾക്ക് പൊതുവെ ക്ഷീണം കൂടുതലായിരിക്കാം. ഇത് സാധാരണമാണെന്ന് പറഞ്ഞ് പലരും തള്ളി കളയാറുണ്ട്. അൽപ്പം വിശ്രമിച്ചിട്ടും ക്ഷീണം മാറാതിരിക്കുകയാണെങ്കിൽ അല്ലെങ്കിൽ ജോലി ചെയ്യുമ്പോൾ എപ്പോഴും ക്ഷീണം തോന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങളൊരു ഡോക്ടറെ കണ്ട് പരിശോധന നടത്താൻ മറക്കരുത്.
അമിതമായ ആർത്തവം
പിരീഡ് കാലഘട്ടം കൂടുതലാവുന്നത് നല്ല ലക്ഷണമല്ല, ഒരാഴ്ചയോ അല്ലെങ്കിൽ അതിൽ കൂടുതലോ ദിവസം തുടർച്ചയായി ബ്ലീഡിംഗ് ഉണ്ടാകുന്നുവെങ്കിൽ നിങ്ങൾ പ്രത്യേകമായി ശ്രദ്ധിക്കണം. മുൻപില്ലാത്ത വിധത്തിൽ ബ്ലീഡിംഗ് കൂടുന്നുവെങ്കിൽ ഇക്കാര്യം ശ്രദ്ധിക്കണം. ഡോക്ടറുടെ ഉപദേശം തേടുന്നതാണ് ഉചിതം.
ക്രമരഹിതമായ ബ്ലീഡിംഗ്
പിരീഡ് ദിനങ്ങൾക്ക് പുറമേ ബ്ലീഡിംഗ് കണ്ടുവരുന്നുവെങ്കിൽ ശ്രദ്ധിക്കണം. ശാരീരിക ബന്ധത്തിന് ശേഷം ബ്ലീഡിംഗ് അനുഭവപ്പെടുക, പിരീഡ് പൂർത്തിയായ ശേഷം അടുത്ത പിരീഡ് കാലഘട്ടത്തിന് മുൻപ് ബ്ലീഡിംഗ് ഉണ്ടാകുക എന്നിങ്ങനെ കണ്ടാൽ തീർച്ചയായും ഇത് നിങ്ങളിൽ ഗർഭാശയവുമായി ബന്ധപ്പെട്ട ക്യാൻസർ ലക്ഷണങ്ങളായി പരിഗണിക്കണം.
ആർത്തവ വിരാമത്തിന് ശേഷം ബ്ലീഡിംഗ് ഉണ്ടാകുന്നത്
ആർത്തവ വിരാമം സംഭവിച്ച് ഒന്നോ രണ്ടോ വർഷത്തിന് ശേഷം ബ്ലീഡിംഗ് സംഭാവിക്കുന്നവരുണ്ട്. ഇതൊരു സാധാരണ കാര്യമായി കാണാൻ കഴിയില്ല. ഒരുപക്ഷെ സെർവിക്കൽ ക്യാൻസർ ഗുരുതര ഘട്ടത്തിലേക്ക് മാറുന്നതിൻറെ സൂചനയാകാം ഇത്. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഒരു ഗൈനക്കോളജിസ്റ്റിനെ സമീപിച്ച് ആവശ്യമായ പരിശോധനകൾ നടത്തണം. ഗർഭ പത്രത്തിലോ സെർവിക്സ് ഭാഗത്തോ ഏതെങ്കിലും തരത്തിലുള്ള മുഴകൾ ഉണ്ടെങ്കിൽ കണ്ടെത്താനും വളരെ വേഗത്തിൽ തന്നെ ചികിത്സ ആരംഭിക്കാനും ഇതിലൂടെ സാധിക്കും.
പിരീഡ് സമയത്തെ അസഹനീയമായ വേദന
ഡിസ്മെനോറിയ അല്ലെങ്കിൽ അസാധാരണ വേദനയുള്ള പിരീഡ്സ് ആർത്തവത്തിന്റെ ഭാഗമായുള്ള സാധാരണ ലക്ഷണമായി കണക്കാക്കരുത്. ആർത്തവ സമയത്ത് വേദനയും അസ്വസ്ഥതയും സാധാരണമാണെങ്കിലും ഒരു പരിധിയിൽ കൂടുതൽ വേദന ഉണ്ടാകുന്നുവെങ്കിൽ ഇത് ശ്രദ്ധിക്കേണ്ടത് തന്നെയാണ്. ഗർഭപാത്രത്തിലെ ക്യാൻസറിന്റെ സൂചന തന്നെയാകാം ഇത്. ഇതോടൊപ്പം ക്രമരഹിതമായ ബ്ലീഡിംഗ് കൂടിയുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ഒരു വിദഗ്ദനെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.
ദുർഗന്ധത്തോട് കൂടിയ വജൈനൽ ഡിസ്ചാർജ്
ഗർഭപാത്രത്തിലോ സെർവിക്സ് ഭാഗത്തോ ക്യാൻസർ ബാധിചിട്ടുണ്ടെങ്കിൽ വജൈനൽ ഡിസ്ചാർജ് വലിയ ദുർഗന്ധത്തോട് കൂടി പുറത്ത് വരാൻ സാധ്യതയുണ്ട്. ചില സമയങ്ങളിൽ നിറ വ്യത്യാസവും അനുഭവപ്പെടാം. അതിനാൽ ഇത്തരത്തിൽ വജൈനൽ ഡിസ്ചാർജിൽ അസാധാരണമായ മാറ്റങ്ങൾ കണ്ടാൽ തീർച്ചയായും ശ്രദ്ധിക്കണം.
വിശപ്പ് കുറയൽ, ഭാരം കുറയൽ
വളരെ പെട്ടെന്ന് ശരീര ഭാരം കുറയുക, വിശപ്പ് കുറയുക തുടങ്ങിയ ലക്ഷണങ്ങളും ശ്രദ്ധിക്കണം. മുകളിൽ പരാമർശിച്ച ഏതെങ്കിലും ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ പരിശോധന നടത്തുകയും ആവശ്യമായ ശ്രദ്ധ എല്ലാ കാര്യങ്ങളിലും നൽകുകയും വേണം. ജീവിതശൈലി ക്രമീകരിക്കുന്നത് ഇതിൽ പ്രധാനമാണ്. ആവശ്യത്തിന് വ്യായാമം ചെയ്യുക, നല്ല ഭക്ഷണം കഴിക്കുക, ലഹരി ഉത്പന്നങ്ങൾ ഉപേക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നത് ചികിത്സയെ സഹായിക്കും.