ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് മത്സരം കനപ്പിച്ച് മൈക്രോ സോഫ്റ്റ്. ആൻഡ്രോയ്ഡ് ഫോണുകളിൽ ഉപയോഗിക്കാൻ ‘കോപൈലറ്റ്’ ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഇതോടെ ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായം ലഭിക്കാൻ ‘ബിങ്’ ആപ്പ് ഉപയോഗിക്കേണ്ട ആവശ്യമില്ല. കോപൈലറ്റ് ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമായിട്ടുണ്ട്.
2023ന്റെ തുടക്കത്തിലാണ് ബിങ് ചാറ്റ് എന്ന എ.ഐ ചാറ്റ്ബോട്ട് മൈക്രോസോഫ്റ്റ് അവതരിപ്പിക്കുന്നത്. പിന്നീട് ഇതിന്റെ പേര് കോപൈലറ്റ് എന്നാക്കി മാറ്റി. പുതിയ ആപ്പ് ചാറ്റ് ജിപിടിക്ക് വലിയ വെല്ലുവിളിയാകും തീർക്കുകയെന്നാണ് ചി ത്രങ്ങൾ നിർമിക്കുക, ഇ-മെയിൽ സന്ദേശം തയാറാക്കുക, പാട്ട് എഴുതുക തുടങ്ങി അനന്ത സാധ്യതകളാണ് കോപൈലറ്റ് ആപ്പ് തുറന്നിടുന്നത്. കൂടാതെ ചാറ്റ് ജിപിടിയിൽനിന്ന് വ്യത്യസ്തമായി ഉപയോഗിക്കാൻ സൗജന്യമാണെന്നതും ആപ്പിന്റെ പ്രത്യേകതയാണ്.
അതേസമയം, കോപൈലറ്റ് ആപ്പ് നിലവിൽ ഐഫോണുകളിൽ ലഭ്യമല്ല. ഐഫോണിൽ ബിങ് ആപ്പിലെ കോപൈലറ്റിനെ തന്നെ ആശ്രയിക്കേണ്ടി വരും. ആപ്പ് ഉടൻ തന്നെ ഐഫോണിലും വരുമെന്നാണ് സൂചന. കോപൈലറ്റിന് സ്വന്തമായി വെബ്സൈറ്റുമുണ്ട്. വിൻഡോസ് 11ൽ കോപൈലറ്റ് എളുപ്പത്തിൽ പ്രവർത്തിപ്പിക്കാനാകും.