ആലപ്പുഴ: സ്ഥാനത്തിരിക്കുന്നവർ പാർട്ടിക്കുപുറത്തും സ്വീകാര്യരാകണമെന്ന മുൻമന്ത്രി ജി. സുധാകരന്റെ പ്രസംഗത്തെക്കുറിച്ചു പ്രതികരിക്കേണ്ടതില്ലെന്ന നിലപാടിൽ സി.പി.എം.. ചൊവ്വാഴ്ച ആലപ്പുഴയിലെ ഒരു ചടങ്ങിൽ സുധാകരൻ പറഞ്ഞത് പാർട്ടിയുടെ നിലപാടുതന്നെയാണെന്നാണു വിലയിരുത്തൽ.
കേരളത്തിൽ സി.പി.എമ്മിന് അഞ്ചരലക്ഷം അംഗങ്ങളാണുള്ളത്. അവരുടെ വോട്ടുകൊണ്ടുമാത്രം അധികാരത്തിലെത്താനാകില്ല. . അദ്ദേഹത്തിന്റെ ശൈലിയിൽ പറഞ്ഞുവെന്നേയുള്ളൂ. 50 ശതമാനത്തിൽത്താഴെ വോട്ടാണ് കമ്യൂണിസ്റ്റ് പാർട്ടികൾക്കുള്ളതെന്നും അതുകൊണ്ടാണ് അധികാരം മാറിവരുന്നതെന്നും പാർട്ടി വിലയിരുത്തിയിട്ടുള്ളതാണ്.വോട്ടുവിഹിതം 50 ശതമാനത്തിനു മുകളിലെത്തിക്കുകയാണു ലക്ഷ്യം. വീടുകളിൽ വോട്ടുതേടിപ്പോകുമ്പോൾ സമൂഹത്തിൽ സ്വീകാര്യതയുള്ളവരാകണം ഒപ്പമുണ്ടാകേണ്ടത്. പാർട്ടി രേഖകളിലുള്ള ഇക്കാര്യങ്ങൾ തന്നെയാണ് സുധാകരനും പറഞ്ഞതെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറഞ്ഞു. എന്നാൽ, വിഷയത്തെക്കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്ന് ജി. സുധാകരൻ പ്രതികരിച്ചു.
തെറ്റുകൾ പാർട്ടി സ്വയംതിരുത്താറുള്ളതാണ്. അതേകാര്യം മുതിർന്ന നേതാവ് പറയുന്നതിൽ എന്താണ് പാർട്ടിവിരുദ്ധമായുള്ളത്- ഒരു നേതാവ് പ്രതികരിച്ചു. സുധാകരൻ ഉദ്ദേശിക്കാത്ത വ്യാഖ്യാനങ്ങൾ ചില മാധ്യമങ്ങൾ പ്രസംഗത്തിനു നൽകിയെന്നു നേതാക്കൾ കരുതുന്നു. പ്രസംഗം വാർത്തയായതോടെ കഥാകൃത്ത് ടി. പദ്മനാഭൻ ഉൾപ്പെടെ കുറെപ്പേർ സുധാകരനെ വിളിച്ചുസംസാരിച്ചതായാണു വിവരം. ഇരുവരും തമ്മിൽ നേരത്തേ അടുപ്പമുണ്ട്. ‘സഖാവ്’ എന്ന പദ്മനാഭന്റെ കഥയിലെ നായകൻ ജി. സുധാകരനുമായി സാമ്യമുള്ളയാളാണെന്നു വിലയിരുത്തലുണ്ടായിരുന്നു.
READ ALSO….മുഖ്യമന്ത്രിയുടെ സഞ്ചരിക്കുന്ന ഓഫിസ്; വിഡിയോ കോൺഫറൻസിങ് സൗകര്യമുള്ള കാരവാൻ പരിഗണനയിൽ
ആലപ്പുഴയിലെ പാർട്ടിയിൽ അടുത്തകാലത്തുണ്ടായ ചില വിവാദങ്ങൾ മനസ്സിൽവെച്ചാണ് സുധാകരൻ പ്രസംഗിച്ചതെന്നു സൂചനയുണ്ട്. അംഗങ്ങളും നേതാക്കളും പ്രതിസ്ഥാനങ്ങളിൽവന്ന ഒന്നിലേറെ സംഭവങ്ങൾ പാർട്ടിയെ ഉലച്ചിരുന്നു. പെട്ടെന്നു നടപടിയുണ്ടാകാഞ്ഞതും വിവാദങ്ങളിലുൾപ്പെട്ടവരെ ആദ്യം ന്യായീകരിച്ചതും വലിയ വിമർശനങ്ങൾക്കിടയാക്കി. എല്ലാവർക്കുമെതിരേ പിന്നീടു നടപടിവന്നെങ്കിലും സംഭവങ്ങൾ പാർട്ടിക്കു നാണക്കേടുണ്ടാക്കിയിരുന്നു. പുതുതായി ജനപ്രതിനിധികളായ ചിലർ മുൻഗാമികളുടെ സംഭാവനകൾ ബോധപൂർവം മറക്കുന്നതായും ജി. സുധാകരന്റെ പ്രസംഗത്തിൽ സൂചനയുണ്ടായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു