കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റു ചെയ്യപ്പെട്ട ചൈനീസ് സ്മാർട്ട്‌ഫോൺ വിവോ കമ്പനി ഉദ്യോഗസ്ഥരുടെ കസ്റ്റഡി കാലാവധി ഡിസംബർ 28 വരെ നീട്ടി. ഇന്ത്യയുടെ സാമ്പത്തിക പരമാധികാരത്തിന് ഹാനികരമാകും വിധമുള്ള പ്രവർത്തനങ്ങളിൽ അറസ്റ്റിലായ ചൈനീസ് കമ്പനി വിവോയിലെ ജീവനക്കാർക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ചു.
ഇഡിയുടെ അപേക്ഷ പരിഗണിച്ച് അഡീഷണൽ സെഷൻസ് ജഡ്ജി അപർണ സ്വാമിയാണ് കസ്റ്റഡി കാലാവധി നീട്ടിനൽകിയത്. വിവോ-ഇന്ത്യയുടെ ഇടക്കാല സിഇഒ ഹോങ് സുക്വാൻ എന്ന ടെറി, ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഹരീന്ദർ ദാഹിയ, കൺസൾട്ടന്റ് ഹേമന്ത് മുഞ്ജാൽ എന്നിവരാണ് ഇ ഡിയുടെ കസ്റ്റഡിയിൽ.
നേരത്തെ അനുവദിച്ച മൂന്ന് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ഇഡി പ്രതികളെ ദില്ലി കള്ളപ്പണ വെളുപ്പിക്കൽ തടയൽ (PMLA -Prevention of Money Laundering Act) കോടതിയിൽ ഹാജരാക്കിയത്. കേസിൽ നേരത്തെ അറസ്റ്റിലായ പ്രതികളോടൊപ്പം ഇവരെ ചോദ്യം ചെയ്യണമെന്നതിനാൽ അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് ഇഡി ആവശ്യപ്പെട്ടത്.
അറസ്റ്റിലായ വിവോ ജീവനക്കാർക്ക് കോൺസുലാർ സംരക്ഷണവും സഹായവും നൽകുമെന്ന് ചൈന അറിയിച്ചിരുന്നു. അവരുടെ നിയമാനുസൃത അവകാശങ്ങളും താല്പര്യങ്ങളും സംരക്ഷിക്കുന്നതിൽ ചൈനീസ് ബിസിനസുകൾക്ക് ഉറച്ച പിന്തുണയും ചൈനീസ് അധികൃതർ അറിയിച്ചു.
കേസിൽ മൊബൈൽ കമ്പനിയായ ലാവ ഇന്റർനാഷണലിന്റെ എംഡി ഹരി ഓം റായ്, ചൈനീസ് പൗരൻ ഗ്വാങ്‌വെൻ എന്ന ആൻഡ്രൂ കുവാങ്, ചാർട്ടേഡ് അക്കൗണ്ടന്റുമാരായ നിതിൻ ഗാർഗ്, രാജൻ മാലിക് എന്നിവരെ ഫെഡറൽ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ ഏജൻസി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ വർഷം ജൂലായിൽ വിവോ-ഇന്ത്യഓഫിസും അവരുടെ ഉദ്യോഗസ്ഥ വീടുകളും റെയ്ഡ് ചെയ്തതിൽ ചൈനീസ് പൗരന്മാരും ഇന്ത്യൻ കമ്പനികളുമുൾപ്പെടുന്ന ഒരു വലിയ കള്ളപ്പണം വെളുപ്പിക്കൽ റാക്കറ്റ് കണ്ടെത്തിയതായി ഇഡി പറഞ്ഞിരുന്നു.
ഇന്ത്യയിൽ നികുതി അടയ്ക്കാതിരിക്കാൻ വിവോ-ഇന്ത്യ ചൈനയിലേക്ക് 62,476 കോടി രൂപ നിയമവിരുദ്ധമായി കൈമാറ്റം ചെയ്തതായി ഇഡി ആരോപിച്ചിരുന്നു.
2020 ലെ ഇന്ത്യ – ചൈന അതിർത്തി സംഘർഷത്തെത്തുടർന്ന് രാജ്യത്തെ ചൈനീസ് ബിസിനസുകളുടെയും നിക്ഷേപങ്ങളുടെയും സൂക്ഷ്മപരിശോധന ഇന്ത്യ ശക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് ഇന്ത്യയിലെ ചൈനീസ് മൊബൈൽ യൂണിറ്റിൻ്റെ സാമ്പത്തിക ഇടപ്പാടുകൾ പരിശോധനയ്ക്ക് വിധേയമാക്കപ്പെട്ടത്. എന്നാൽ കളപ്പണ ഇടപാടുകളെന്ന ഇഡിയുടെ ആക്ഷേപം വിവോ കമ്പനി നിഷധിച്ചു.
also read കള്ളപ്പണം: ചൈനീസ് വിവോ കമ്പനി ഉദ്യോഗസ്ഥർ അറസ്റ്റിൽ