ജി.ഐ.ഒ കേരളയുടെ ‘ഡിസ്ക്കോഴ്സോ മുസ്‌ലിമ’ കാമ്പസ് കോൺഫറൻസിന് പ്രൗഢോജ്വല തുടക്കം
പാലക്കാട്: മുസ് ലിമാകുന്നത് പോലും വെല്ലുവിളിയാകുന്ന കാലത്ത് മുസ് ലിം പെൺകുട്ടികൾക്ക് ഉത്തരവാദിത്വങ്ങളേറെയുണ്ടെന്നും സമൂഹത്തെ സ്വാധീനിക്കാൻ അവർക്കാകുമെന്നും ജമാഅത്തെ ഇസ് ലാമി ഹിന്ദ് സെക്രട്ടറി ജനറൽ ടി ആരിഫലി പറഞ്ഞു. മുസ് ലിം വിദ്യാർത്ഥിനികളുടെ വസ്ത്രധാരണം പോലും ചോദ്യം ചെയ്യപ്പെടുന്നു. ഈ സാഹചര്യത്തിൽ കാമ്പസുകളിൽ മുസ് ലിം പെൺകുട്ടികളുടെ സംഘാടനം അതിപ്രധാനമാണ്. സയണിസ്റ്റ് ഭീകർക്ക് മുന്നിൽ നിർഭയത്വത്തോടെ പോരാടുന്ന ഗസ്സയിലെ പോരാളികൾ ഇന്ത്യയിലെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങളിലും പ്രചോദനമാണ്. വിദ്യാർത്ഥിനികൾക്ക് പോരാട്ട വീഥിയിൽ ഉൾക്കരുത്ത് നൽകുന്നതാണ് ‘ഡിസ്ക്കോഴ്സോ മുസ് ലിമ’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിനകത്തും പുറത്തുനിന്നുമായി 2000 ലധികം കാമ്പസ് വിദ്യാർത്ഥിനികൾ പങ്കെടുത്ത് പത്തിരിപ്പാല മൗണ്ട്സീന കാമ്പസിൽ ‘അപ്ഹോൾഡ് ഈമാൻ, അപ് ലിഫ്റ്റ് ഇസ്സ’ എന്ന തലക്കെട്ടിൽ ജി.ഐ.ഒ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് തമന്ന സുൽത്താന അധ്യക്ഷത വഹിച്ചു. ഏഴ് വേദികളിലായി ഡിസം 25, 26 തിയതികളിൽ നടക്കുന്ന പരിപാടിയിൽ കർണാടകയിലെ ഗുൽബർഗ ജില്ലയിൽ നിന്നുള്ള എം എൽ എ ഖനീസ് ഫാത്തിമ, ഉത്തർപ്രദേശിലെ രാഷ്ട്രീയ പ്രവർത്തക ഇഖ്‌റ ഹസ്സൻ, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ദേശീയ കമ്മിറ്റി അംഗം ഡോ താഹ മതീൻ, കേരള അധ്യക്ഷൻ പി മുജീബ് റഹ്‌മാൻ, നാഷണൽ ഫെഡറേഷൻ ഓഫ് ജി ഐ ഒ പ്രസിഡന്റ് സുമയ്യ റോഷൻ, ജനറൽ സെക്രട്ടറി സമർ അലി, മീഡിയവൺ മാനേജിങ് എഡിറ്റർ സി ദാവൂദ്, മീഡിയവൺ സീനിയർ എഡിറ്റർ നിഷാദ് റാവുത്തർ, സി എ എ – എൻ ആർ സി പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളികളും വിദ്യാർത്ഥി നേതാക്കളുമായ അഫ്രീൻ ഫാത്തിമ, ലദീദ ഫർസാന, ശർജീൽ ഉസ്മാനി, റാനിയ സുലൈഖ, നിദ പർവീൻ, മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പൻ, സാമൂഹിക പ്രവർത്തകൻ റാസിഖ് റഹീം, ഗസൽ ഗായകന്മാർ സമീർ ബിൻസി, ഇമാം മജ്ബൂർ, പ്രശസ്ത ഗായിക ദാനാ റാസിഖ്, റിട്ടയേർഡ് മജിസ്‌ട്രേറ്റ് എം താഹ, ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് ഡയറക്ടർ കെ ടി ഹുസൈൻ, മഖ്തൂബ് മീഡിയ എഡിറ്റർ അസ്‌ലഹ് കയ്യലകത്ത്, സി ഇ ഒ ഷംസീർ ഇബ്രാഹിം, മാധ്യമ പ്രവർത്തക ഗസാല അഹ്‌മദ്, ഫ്രറ്റേണിറ്റി മൂവ്മെന്റ്
സംസ്ഥാന പ്രസിഡന്റ് കെ എം ഷെഫ്രിൻ, വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് വി എ ഫായിസ, സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് സി ടി സുഹൈബ്, സ്റ്റുഡന്റ്സ് ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് ടി കെ മുഹമ്മദ് സഈദ്,
ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറിമാരായ ശിഹാബ് പൂക്കോട്ടൂർ, ടി മുഹമ്മദ് വേളം, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം പ്രസിഡന്റ് പി ടി പി സാജിത തുടങ്ങി നിരവധി പ്രഗത്ഭർ കോൺഫറൻസിൽ സംബന്ധിക്കും.
ഗസ്സയിലെ പോരാളികൾക്ക് ഐക്യദാർഢ്യമർപ്പിച്ച് നടക്കുന്ന പരിപാടിയിൽ വേദികൾക്ക് ഫലസ്തീനുമായി ബന്ധപ്പെട്ട നാമങ്ങളാണ് നൽകിയിരിക്കുന്നത്. ‘അൽ അഖ്സ സ്ക്വയർ’ ആണ് പ്രധാന വേദി.