ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 20,674 ആയി. 54,536 പേർക്കാണ് പരിക്കേറ്റത്. സിറിയയിലും ഇസ്രായേലി വ്യോമാക്രമണമുണ്ടായി. ആക്രമണത്തിൽ ഇറാൻ റവലൂഷനറി ഗാർഡ് ഉപദേഷ്ടാവ് കൊല്ലപ്പെട്ടു. ഇറാൻ സേനാ ഉപദേശകനെ കൊലപ്പെടുത്തിയതിൽ ഇസ്രായേലിന് താക്കീതുമായി ഇറാൻ പ്രസിഡന്റ് രംഗത്തെത്തി.
സേനാ ഉപദേഷ്ടാവിന്റെ കൊലയ്ക്ക് വലിയ വില നൽകേണ്ടി വരുമെന്ന് ഇബ്രാഹിം റൈസി മുന്നറിയിപ്പ് നൽകി. ഇസ്രായേലിന്റെ വേവലാതിയും കഴിവില്ലായ്മയുമാണ് വധത്തിന് പിന്നിലെന്നും അദ്ദേഹം തുറന്നടിച്ചു. ഇറാൻ സേനാ ഉപദേഷ്ടാവിന്റെ കൊലപാതകത്തോടെ യുദ്ധം വ്യാപിക്കാനും അതിന്റെ ഗതി തന്നെ മാറാനുമുള്ള സാധ്യതയുണ്ടെന്ന ആശങ്ക ശക്തമാണ്. ഇതിനിടെ, ഹമാസ് ആക്രമണത്തിൽ രണ്ട് സൈനികർ കൂടി കൊല്ലപ്പെട്ടെന്ന് ഇസ്രയേല് സ്ഥിരീകരിച്ചു.
അതേസമയം, തങ്ങളുടെ തന്ത്രപ്രധാന ആയുധങ്ങളും അതിന്റെ വ്യാപ്തിയും ശത്രു കരുതുന്നതിനേക്കാൾ അപ്പുറമാണ് ഹൂത്തികൾ പ്രതികരിച്ചു. ഫലസ്തീനെ പിന്തുണയ്ക്കുന്നതിൽ നിന്ന് യെമനെ പിന്തിരിപ്പിക്കാനാണ് സയണിസ്റ്റ്, അമേരിക്കൻ സഖ്യനീക്കം. എന്നാൽ യെമൻ സുരക്ഷാ സേന കണ്ടെത്തുന്നവ അല്ലാത്ത എല്ലാ കപ്പലുകൾക്കും ബാബ് അൽ മൻദബ് കടലിടുക്ക് സുരക്ഷിതമാണെന്നും അവർ അറിയിച്ചു.
ഇതിനിടെ, ഹിസ്ബുല്ലയ്ക്ക് മുന്നറിയിപ്പുമായി ഇസ്രായേൽ രംഗത്തെത്തി. ഒക്ടോബർ ആറിന്റെ സ്ഥിതിയിലേക്ക് പോകാൻ ലബനാനെ അനുവദിക്കില്ലെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി പറഞ്ഞു. എത്ര നീണ്ടാലും ഹമാസിനെ തുരത്തും. ബന്ദികളെ തിരികെ എത്തിക്കുമെന്നും യുദ്ധകാര്യ മന്ത്രിസഭാംഗം ബെന്നി ഗാന്റസ് പറഞ്ഞു. ബന്ദികളുടെ കൈമാറ്റത്തിന് പുതിയ നിർദേശം ചർച്ച ചെയ്യുന്നതായി ബെന്നി ഗന്റ്സ് ബന്ധുക്കളെ അറിയിച്ചതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.
ഇറാന്റെ പ്രത്യാക്രമണ സാധ്യത മുൻനിർത്തി ഇസ്രായേൽ തയാറെടുപ്പ് ആരംഭിച്ചതായി സൈന്യത്തെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗസ്സ നിവാസികളെ പുറന്തള്ളാൻ പദ്ധതിക്ക് രൂപം നൽകിയെന്ന് നെതന്യാഹു ലികുഡ് പാർട്ടി യോഗത്തിൽ അറിയിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഭയാർഥികൾ എന്ന നിലയ്ക്ക് ഇവരെ ഏറ്റെടുക്കാൻ പറ്റിയ രാജ്യങ്ങൾ ഏതെന്ന് ചർച്ച ചെയ്തു വരുന്നതായും നെതന്യാഹു യോഗത്തെ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു