തിരുവനന്തപുരം: നവകേരള സദസിന്റെ ഭാഗമായി എല്ലാ ജില്ലകളില്‍ നിന്നായി സംസ്ഥാന സർക്കാരിന് മുന്നിലേക്ക് വന്നത് ആറ് ലക്ഷത്തോളം പരാതികൾ. എറണാകുളത്തെ പര്യടനം പൂർത്തിയാകാത്തത് കൊണ്ട് കണക്ക് പൂർണ്ണമായിട്ടില്ല. ലഭിച്ച പരാതികളില്‍ എത്രയെണ്ണം തീർപ്പാക്കി എന്ന കണക്കും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.
140 നിയമസഭ നിയോജകമണ്ഡലങ്ങള്‍, 36 ദിവസങ്ങള്‍, മന്ത്രിസഭ മുഴുവന്‍ കേരളത്തില്‍ സഞ്ചരിച്ച ഇത്രയും ദിവസത്തിനുള്ളില്‍ സർക്കാരിന് മുന്നിലേക്ക് വന്നത് പരാതികളുടെ കൂമ്പാരം. 621167 പരാതികളാണ് ഇതുവരെ സർക്കാരിന് മുന്നിലേക്ക് എത്തിയത്. എറണാകുളം ജില്ലയിലെ നവകേരള സദസ് ജനുവരി ഒന്ന് രണ്ട് തീയതികളില്‍ കൂടി ഉണ്ട്.അത് കൊണ്ട് ഈ ജില്ലയിലെ കണക്ക് പൂർത്തിയായിട്ടില്ല.
ഏറ്റവും അധികം പരാതികള്‍ ലഭിച്ചത് മലപ്പുറം ജില്ലയില്‍ നിന്നാണ്.16 നിയമസഭ നിയോജക മണ്ഡലങ്ങളുള്ള മലപ്പുറത്ത് നിന്ന് 80885 പരാതികളാണ് ലഭിച്ചത്. നിലവില്‍ രണ്ടാം സ്ഥാനത്ത് പാലക്കാട് ജില്ലയാണ്. അവിടുത്തെ 12നിയമസഭ മണ്ഡലങ്ങളില്‍ നിന്നായി 61204 പരാതികളാണ് ലഭിച്ചത്. കൊല്ലത്ത് നിന്ന് 50938 ഉം പത്തനംതിട്ടയില്‍ നിന്ന് 23610 ഉം, ആലപ്പുഴയില്‍ നിന്ന് 53044 ഉം പരാതികളാണ് സർക്കാരിന് മുന്നില്‍ എത്തിയത്.
തൃശൂർ 54260, കോട്ടയം 42656 , ഇടുക്കി 42234, കോഴിക്കോട് 45897 എന്നിങ്ങനെ പോകുന്നു കണക്കുകള്‍. കണ്ണൂരില്‍ നിന്ന് 28584 ഉം, കാസർഗോഡ് 14232 ഉം, വയനാട് 18823 ഉം പരാതികള്‍ മന്ത്രിസഭയക്ക് മുന്നിലെത്തി. എന്നാല്‍ ഇതില്‍ എത്രത്തോളം പരാതികള്‍ സർക്കാർ പരിഹരിച്ചു എന്ന കാര്യം പ്രസിദ്ധീകരിച്ചിട്ടില്ല.
പെട്ടെന്ന് പരിഹരിക്കാന്‍ കഴിയുന്നവ തീർപ്പാക്കി എന്നും ചട്ടത്തില്‍ അടക്കം ഭേദഗതി വരുത്തേണ്ട പരാതികള്‍ ഉള്ളത് കൊണ്ട് അത് വിശദമായ പരിശോധനയക്ക് ശേഷം തീർപ്പാക്കുമെന്നുമാണ് സർക്കാർ വിശദീകരണം. ലഭിച്ച പരാതികള്‍ പരിഹരിക്കാന്‍ വേണ്ടി ഓരോ ജില്ലയിലും സ്പെഷ്യല്‍ ഓഫീസർമാരെ നിയമിക്കുന്നതും സർക്കാർ പരിഗണനയിലുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു