തിരുവനന്തപുരം : നെയ്യാറ്റിൻകര പുത്തൻകടയിൽ താൽക്കാലിക നടപ്പാലം തകർന്ന് അപകടം. നിരവധി പേർക്ക് പരുക്കേറ്റു. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായുള്ള പുൽക്കൂട് പ്രദർശനത്തിനിടെയാണ് അപകടമുണ്ടായത്. പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.
തിരുപുറം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പുറുത്തിവിള ബൈപാസ് ജംഗ്ഷനിൽ നടത്തിയ ക്രിസ്മസ് പുൽക്കൂട് മത്സരത്തിന്റെ ഭാഗമായി1 നിർമിച്ചതായിരുന്നു തടികൊണ്ടുള്ള പാലം. ഇതു ഭാഗികമായി തകർന്നാണ് അപകടമുണ്ടായത്. പാലത്തിൽ അനുവദിച്ചതിലേറെ ആളുകൾ കയറിയതാണ് അപകട കാരണമെന്നു പൊലീസ് പറഞ്ഞു.
പത്തിലേറെ പേർക്കു താഴെവീണാണു പരുക്കേറ്റത്. പരുക്കേറ്റവരെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടു പേരുടെ പരുക്ക് ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയേക്കും.