തിരുവനന്തപുരം: സംഘർഷത്തിനിടെ പൊലീസിന്റെ കണ്ണീർ വാതക പ്രയോഗത്തിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പരിഹസിച്ച് മന്ത്രി കെ രാജന്‍. പൊലീസ് പനീർ തളിച്ചപ്പോഴേക്കും ഒരാൾ വീണുപോയി എന്നാണ് മന്ത്രി പറഞ്ഞത്. നവകേരള സദസ്സിന്റെ സമാപന സമ്മേളനത്തിലായിരുന്നു പരിഹാസം. കൂടാതെ ഇപി ജയരാജനെ പ്രശംസിക്കാനും രാജൻ മറന്നില്ല.
കെപിസിസി പ്രസിഡന്റ് മുഖ്യമന്ത്രിയേയും ഞങ്ങളേയും കുറിച്ച് അപസര്‍പ്പക കഥകള്‍ പറയുമെന്നാണ് ഞാന്‍ കരുതിയത്. പൊലീസ് ഒരു പനിനീര്‍ തളിച്ചപ്പോഴേക്കും കലാപം സൃഷ്ടിക്കാന്‍ വന്ന ഒരാള്‍ ദേഹാസ്വാസ്ഥ്യം കൊണ്ട് അങ്ങ് വീണുപോയി. ദേഹാസ്വാസ്ഥ്യം കൊണ്ട് വീണയാള്‍ പറഞ്ഞത് അനുസരിച്ചിട്ടും വച്ച വെടിയേറ്റിട്ടും കുലുങ്ങാതെ ഒരു മനുഷ്യന്‍ ഈ വേദിയുടെ മുന്‍നിരയില്‍ ഇരിക്കുന്നുണ്ട്.- കെ രാജൻ പറഞ്ഞു.
കോണ്‍ഗ്രസിന്റെ ഡിജിപി ഓഫീസ് മാര്‍ച്ചില്‍ പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പ്രസംഗിക്കുന്നതിനിടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. വേദിയിലുണ്ടായിരുന്ന കെ സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ നനഞ്ഞ് കുതിര്‍ന്നു. ഇതോടെ പ്രസംഗം തടസപ്പെട്ടു. കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെ കെപിസിസി പ്രസിഡന്റ് കെ സുധാകരന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു