ന്യൂഡൽഹി∙ സൗദി അറേബ്യയിൽനിന്ന് ക്രൂഡോ ഓയിലുമായി വന്ന കപ്പലിനു നേരെ ഇന്ത്യൻ തീരത്ത് ഡ്രോൺ ആക്രമണം. വ്യാപാരക്കപ്പലായ എംവി ചെം പ്ലൂട്ടോയ്ക്കു നേരെയാണ് ഗുജറാത്തിലെ പോർബന്തർ തീരത്തിന് 217 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ ആക്രമണമുണ്ടായത്. ആക്രമണത്തെ തുടർന്ന് കപ്പലിന് സ്ഫോടനമുണ്ടായി തീപിടിച്ചു. 20 ഇന്ത്യക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്, ആളപായമില്ല. ഇന്ത്യൻ നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും കപ്പലുകൾ ആക്രമണം നേരിട്ട കപ്പലിന് അടുത്തേക്ക് തിരിച്ചതായി വാർത്ത ഏജൻസിയായ എഎൻഐ അറിയിച്ചു.
സൗദി അറേബ്യയിൽനിന്ന് ക്രൂഡ് ഓയിലുമായി മംഗളൂരുവിലേക്ക് പോകുകയായിരുന്നു കപ്പൽ. ഇന്ത്യയുടെ എക്ലൂസീവ് ഇക്കണോമിക് സോണിൽ പട്രോളിങ് നടത്തുന്ന കോസ്റ്റ് ഗാർഡ് കപ്പൽ ഐസിജിഎസ് വിക്രമിനെ കപ്പലിന്റെ അടുത്തേക്ക് അയച്ചിട്ടുണ്ടെന്ന് ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു. വിക്രമിന് സഹായം നൽകാൻ സമീപത്തുള്ള എല്ലാ കപ്പലുകൾക്കും കോസ്റ്റ് ഗാർഡ് നിർദേശം നൽകി.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ മാസം ഇസ്രയേലിന്റെ കാർഗോ കപ്പലിനു നേരെ ഇന്ത്യൻ മഹാസമുദ്രത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു. ഇറാന്റെ ഇസ്ലാമിക് റെവലൂഷ്യനറി ഗാർഡ് കോർപ്സ് ആയിരുന്നു ആക്രമണത്തിനു പിന്നിലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു