ന്യൂയോർക്ക്: കാലിഫോർണിയയിലെ പ്രമുഖ ഹിന്ദു ക്ഷേത്രത്തിന്റെ ചുമരിൽ മോദി വിരുദ്ധ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടു. ബേ ഏരിയയിലെ നെവാർക്കിലെ ശ്രീ സ്വാമിനാരായൺ മന്ദിറിന്റെ ചുവരിലാണ് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായും ഖാലിസ്ഥാൻ നേതാവ് ജർണയിൽ സിംഗ് ഭിന്ദ്രൻവാലയെ അനുകൂലിച്ചും ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്.
ഖലിസ്ഥാൻ അനുകൂലികളാണ് സംഭവത്തിന്റെ പിന്നിലെന്ന് കരുതുന്നു. ന്യൂയോർക്ക് ആസ്ഥാനമായുള്ള ഖാലിസ്ഥാൻ നേതാവ് ഗുർപതന്ത് സിംഗ് പന്നൂനെ കൊല്ലാനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തതിന് ഇന്ത്യൻ പൗരനെതിരെ യു.എസ് നീതിന്യായ വകുപ്പ് കുറ്റപത്രം ഇറക്കിയതിന് തൊട്ടുപിന്നാലെയാണ് സംഭവം.
രണ്ട് വർഷം മുമ്പ് ക്ഷേത്രം തുറന്നതിന് ശേഷം ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവം കാണുന്നതെന്ന് ക്ഷേത്രകമ്മിറ്റി അംഗമായ ചിന്തൻ പാണ്ഡ്യ സി.ബി.എസ് ന്യൂസിനോട് പറഞ്ഞു. ഇത് സമൂഹത്തിന് സുരക്ഷിതമല്ല, സംഭവത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ക്ഷേത്ര നേതാക്കൾ പ്രത്യേക യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു