തിരുവനന്തപുരം∙ കെപിസിസിയുടെ ഡിജിപി ഓഫിസ് മാർച്ചിനെതിരെ കണ്ണീർ വാതകം പ്രയോഗിച്ചതിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. മുകളിൽനിന്നുള്ള നിർദേശപ്രകാരമാണ് പൊലീസിന്റെ നടപടിയെന്ന് സുധാകരൻ ആരോപിച്ചു. പൊലീസിന്റെ അകത്തുതന്നെ ഗുണ്ടകളെ ഇതിനായി തയാറാക്കി നിർത്തിയിരിക്കുകയാണ്. കെ.സുധാകരൻ പറഞ്ഞു.
കെപിസിസിയുടെ ഡിജിപി ഓഫിസിലേക്കുള്ള മാർച്ച് തുടക്കത്തിൽ തന്നെ സംഘർഷഭരിതമായതോടെ പ്രതിഷേധം കടുപ്പിക്കാനാണു കോൺഗ്രസ് തീരുമാനം. ഉച്ചയ്ക്കുശേഷം സംസ്ഥാന വ്യാപകമായി മാർച്ച് സംഘടിപ്പിക്കും. ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ മാർച്ച് നടത്താനും തീരുമാനിച്ചു.
സുധാകരന്റെ വാക്കുകളിൽനിന്ന്:
ഞങ്ങളുടെ തലയിലൊക്കെ വെള്ളം വീഴുന്നു. അതോടൊപ്പം പൊട്ടുന്ന ശബ്ദവും കേട്ടു. പുകവന്നപ്പോൾ ശ്വാസം തടസ്സപ്പെട്ടു. മുതിർന്ന നേതാക്കന്മാർ സംസാരിക്കുമ്പോൾ സാധാരണ ഇങ്ങനെ ചെയ്യാറില്ല. സമാധാനപരമായി ഞാൻ സംസാരിച്ച് അവസാനിപ്പിക്കുകയായിരുന്നു. ഈ യാത്ര തുടങ്ങിയ കാസർകോടെല്ലാം പൊലീസിന് കുറച്ചൊക്കെ നിയന്ത്രണം ഉണ്ടായിരുന്നു. ഡിവൈഎഫ്‍യുടെ ഗുണ്ടകളാണു പുറത്ത് കുഴപ്പങ്ങൾ കാണിച്ചത്. ഇപ്പോ പൊലീസിന്റെ ഗുണ്ടകളാണു കുഴപ്പം കാണിക്കുന്നത്. പൊലീസിന്റെ അകത്തുതന്നെ ഗുണ്ടകളെ ഇതിനുവേണ്ടി മാത്രം നിർത്തുകയാണ്. പൊലീസുകാർ, ക്രിമിനൽ പൊലീസുകാർ, ക്രിമിനൽ സ്വഭാവമുള്ള പൊലീസുകാർ എന്നിങ്ങനെ ബാച്ച് തിരിച്ചിട്ടുണ്ടെന്നാണു വിവരം. അവർക്ക് ഉത്തരവാദിത്തം കൊടുത്തിട്ടുണ്ട്. അവരാണു പ്രശ്നങ്ങളുടെ മൂലകാരണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു