വണ്ടിപ്പെരിയാർ ∙ കുറ്റം തെളിയിക്കുന്നതിൽ പൊലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടതോ ചുരക്കുളം എസ്റ്റേറ്റിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊന്ന കേസിൽ പ്രതിയെ വിട്ടയച്ചതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ. കട്ടപ്പന അതിവേഗ പോക്സോ കോടതി വിധിക്കെതിരെ പ്രോസിക്യൂഷനാണ് അപ്പീൽ നൽകിയത്. കേസിലെ തെളിവുകളും വസ്തുതകളും വിലയിരുത്തുന്നതിൽ കോടതിക്കു പിഴവു പറ്റിയെന്നും ശാസ്ത്രീയ തെളിവുകൾ പോലും കോടതി വേണ്ടവിധം പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകിയിരിക്കുന്നത്. എജിയുടെ നിയമോപദേശം ഉൾപ്പെടെ പരിഗണിച്ചാണ് നടപടി.
കുട്ടിയുടെ മരണം കൊലപാതകമാണന്നും പീഡനം നടന്നിട്ടുണ്ടെന്നുമുള്ള കണ്ടെത്തൽ കോടതി ശരിവച്ചു. എന്നാൽ, പ്രതിക്കെതിരെ ചുമത്തിയ കൊലപാതകം, പോക്സോ നിയമപ്രകാരമുള്ള പീഡനം എന്നീ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ തെളിവു ശേഖരിക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയെന്നും കോടതി കണ്ടെത്തി. അന്വേഷണോദ്യോഗസ്ഥൻ സംഭവസ്ഥലത്തെത്തിയത് സംഭവം നടന്നതിന്റെ പിറ്റേന്നാണെന്നതടക്കം കോടതി ചൂണ്ടിക്കാട്ടി.
2021 ജൂൺ 30നാണ് എസ്റ്റേറ്റ് ലയത്തിൽ 6 വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയത്. കട്ടപ്പന അതിവേഗ പോക്സോ കോടതി സ്പെഷൽ ജഡ്ജി വി.മഞ്ജുവാണ് പ്രതി അർജുനെ കുറ്റവിമുക്തനാക്കിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു