കോഴിക്കോട്: കെഎസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു എതിരെയുള്ള അക്രമസംഭവങ്ങളിൽ പൊലീസ് കൃത്യമായ നിയമനടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ തിരിച്ചു തല്ലിക്കോളാനാണ് പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അതു കൊണ്ടാണ് ഇന്നലെ തല്ലിയയവരെ തിരിച്ചു തല്ലിയത്. ഇന്ന് സിപിഎം പറയുന്നത് ഞാൻ പറഞ്ഞിട്ടാണ് തല്ലിയതെന്നാണ്. അതു അങ്ങനെ തന്നെയാണ് ഒരു സംശയവും വേണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ബാലുശ്ശേരിയിൽ യുഡിഎഫ് കുറ്റവിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവകേരള സദസുമായി ബന്ധപ്പെട്ട് ഏത് കേസെടുത്താലും മുഖ്യമന്ത്രി ഒന്നാം പ്രതിയാകേണ്ടയാളാണ്. വധശ്രമത്തിനു പോലീസ് കേസെടുത്ത അക്രമ സംഭവം മാതൃകാ പ്രവര്‍ത്തനം ആയിരുന്നെന്നും അത് ഇനിയും തുടരണമെന്നും പറഞ്ഞത് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. കലാപത്തിന് ആഹ്വാനം ചെയ്തതിനു കേസില്‍ പ്രതിയാകേണ്ടയാളാണ് പിണറായി വിജയന്‍. ഇന്നലെവരെയും മുഖ്യമന്ത്രി അക്രമത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു.
എസ്‌എഫ്‌ഐക്കാരോടുള്ള സമീപനമല്ല പോലീസ് കെഎസ്‌യുവിനോട് കാണിക്കുന്നത്. കെഎസ്യുക്കാരേയും യൂത്ത് കോണ്‍ഗ്രസുകാരേയും അടിച്ചാല്‍ ആരും ചോദിക്കില്ലെന്നാണ് ധാരണയെങ്കില്‍ അതു തെറ്റാണ്. അടിച്ചാല്‍ തിരിച്ചടിക്കുക തന്നെ ചെയ്യും. പോലീസ് നിഷ്പക്ഷമായി കേസെടുത്തില്ലെങ്കില്‍ ഞങ്ങള്‍ക്കു വേറെ മാര്‍ഗമില്ല. കഴിഞ്ഞ ദിവസം ഒരു പുരുഷ എസ്‌ഐയാണു പെണ്‍കുട്ടിയുടെ വസ്ത്രം വലിച്ചു കീറിയത്. പ്രതിപക്ഷ നേതാവിനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പേടിപ്പിക്കാനൊന്നും മുഖ്യമന്ത്രി നോക്കണ്ട. ജയിലില്‍ പോകാനും പേടിയില്ല. ഇല്ലാത്ത കേസില്‍ കുട്ടികളെ ജയിലിലാക്കിയാല്‍ അവര്‍ക്കൊപ്പം പ്രതിപക്ഷ നേതാവും ഉണ്ടാകും.
2,000 പോലീസുകാരുടെയും 150 വാഹനങ്ങളുടെയും പാര്‍ട്ടി ഗുണ്ടകളുടെയും ക്രിമിനലുകളുടെയും അകമ്ബടിയില്‍ നടക്കുന്ന മുഖ്യമന്ത്രി ഭീരുവാണെന്നാണു ഞാന്‍ പറഞ്ഞത്. സുധാകരനോടു ചോദിക്കൂ എന്നാണ് മുഖ്യമന്ത്രി അതിനു മറുപടി നല്‍കിയത്. പിണറായി വിജയന്‍ ഭീരുവാണെന്നാണ് കെ.സുധാകരനോടു ചോദിച്ചപ്പോള്‍ അദ്ദേഹവും പറഞ്ഞതെന്ന് സതീശന്‍ പരിഹസിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു