ഡൽഹി: പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി സസ്പെന്റ് ചെയ്യപ്പെട്ട എം പിമാർ. പഴയ പാർലമെന്റ് കെട്ടിടത്തിൽ നിന്നും വിജയ് ചൗക്കിലേക്കായിരുന്നു എം പിമാരുടെ പ്രതിഷേധ മാർച്ച്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ജനാധിപത്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബാനറുകളും പ്ലക്കാർഡുകളും ഉയർത്തി പിടിച്ചായിരുന്നു മാർച്ച്.
‘പാർലമെന്റ് സുരക്ഷാ വീഴ്ച ഉന്നയിക്കാൻ പല തവണ ഞങ്ങൾ സഭയിൽ ഉന്നയിച്ചു. സുരക്ഷാ വീഴ്ചയെക്കുറിച്ച് സംസാരിക്കാൻ അനുവദിക്കണമെന്ന് ലോക്സഭാ സ്പീക്കറോടും രാജ്യസഭാ ചെയർമാനോടും ആവർത്തിച്ച് അഭ്യർത്ഥിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സഭയിൽ ഇക്കാര്യത്തിൽ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു, എന്നാൽ അതിന് അവർ തയ്യാറായില്ല. ഞങ്ങളുടെ പ്രതിഷേധം സർക്കാരിനെതിരെയാണ്. അവർ സഭ പ്രവർത്തിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. സർക്കാർ സഭയിൽ മറുപടി പറഞ്ഞില്ലെങ്കിൽ പിന്നെ എവിടെ മറുപടി പറയും?’, മാർച്ചിനിടെ മല്ലികാർജ്ജുൻ ഖാർഗെ പ്രതികരിച്ചു.
മാധ്യമങ്ങൾക്ക് മുന്നിലടക്കം പ്രതികരിച്ചിട്ടും എന്തുകൊണ്ടാണ് സംഭയിൽ ഇവർ പ്രതികരിക്കാത്തത് എന്ന് പ്രതിപക്ഷ നേതാക്കൾ ചോദിച്ചു. പ്രതിഷേധിച്ചപ്പോൾ എംപിമാരെ സസ്പെന്റ് ചെയ്യുകയാണ് ചെയ്തതെന്നും ഇത് ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുന്ന നടപടിയാണെന്നും നേതാക്കൾ വിമർശിച്ചു. അതേസമയം വെള്ളിയാഴ്ച പ്രതിപക്ഷ സഖ്യത്തിന്റെ നേതൃത്വത്തിൽ ജന്ദർ മന്ദറിൽ പ്രതിഷേധ മാർച്ച് നടത്തുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.
പാർലമെന്റിലേക്ക് ഡിസംബർ 13ന് നടന്ന സുരക്ഷാവീഴ്ചയെക്കുറിച്ച് ചർച്ച ചെയ്യണമെന്ന ആവശ്യപ്പെട്ട് നടന്ന പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് 140 ഓളം എം പിമാരെയായിരുന്നു കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പാർലമെന്റിൽ നിന്നും സസ്പെന്റ് ചെയ്തത്. സഭ നടപടികൾ തടസപ്പെടുത്തിയെന്ന് ആരോപിച്ച് ലോക്സഭയിൽ നിന്ന് 97 ഉം രാജ്യസഭയിൽ നിന്ന് 46 ഉം എം പിമാരെയാണ് സസ്പെന്റ് ചെയ്തത്. പാർലമെന്റിൻരെ ചരിത്രത്തിൽ തന്നെ ഇത്രയും എം പിമാരെ സസ്പെന്റ് ചെയ്യുന്ന സംഭവം ആദ്യമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു