പൂനെ : പൂനെ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ സാംസ്കാരിക പ്രസിദ്ധീകരണ സംഘടനയായ വാഗ്ദേവതയുടെ 2023 ലെ വിവേകാനന്ദ യുവ സംസ്കൃതി പുരസ്കാരം നാടക ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും ഭാരത് ഭവന്റെ മെമ്പർ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂരിന്.ഇന്ത്യൻ സാംസ്കാരിക രംഗത്തിന് നവോന്മേഷം പകരുന്ന സർഗാത്മക പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് പുരസ്കാരം. ഹിമാലയൻ യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസലർ ഡോ. പ്രകാശ് ദിവാകരൻ, പ്രശസ്ത മോഹിനിയാട്ടം നർത്തകിയും ഗവേഷകയും നടിയുമായ കലാശ്രീ ഡോ. ഐശ്വര്യ വാര്യർ, പത്ര പ്രവർത്തകനായ രാമരം മുഹമ്മദ്, പത്രാധിപർ വേലായുധൻ പി. എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
നാടകം, സിനിമ, ഇലക്ട്രോണിക് മീഡിയ തുടങ്ങി സമകാലിക മലയാള സാംസ്കാരിക ഭൂമികയിൽ പ്രശസ്തനും മുൻനിര ഡയറക്ടറും ക്രിയേറ്റീവ് പ്രൊഫഷണലുമാണ് പ്രമോദ് പയ്യന്നൂർ. വിവിധ ഭാഷാ സാഹിത്യങ്ങളിലെയും പ്രമുഖ എഴുത്തുകാരുടെ രചനകൾക്ക് അരങ്ങിന്റെ ദൃശ്യഭാഷ ഒരുകിയിട്ടുണ്ട് പ്രമോദ്. ഷേക്സ്പിയർ, ആന്റൺ ചെക്കോവ്, ആൽബർട്ട് കാമു, ഡോ. കാരന്ത്, എം.ടി. വാസുദേവൻ നായർ, വൈക്കം മുഹമ്മദ് ബഷീർ, ഒ.വി.വിജയൻ, പത്മരാജൻ തുടങ്ങിയ മഹാരഥന്മാരുടെ രചനകളാണ് അദ്ദേഹം വേദികളിലെത്തിച്ചത്.
മമ്മൂട്ടി നായകനായ ബോക്സ് ഓഫീസിൽ മികച്ച വരുമാനം നേടിയ “ബാല്യകാലസഖി”യാണ് അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആദ്യ ചലച്ചിത്രം. എം.ടി. വാസുദേവൻ നായരുടെ “രണ്ടാമൂഴം” എന്ന നാടകമാക്കി അതിന്റെ മൾട്ടി-മീഡിയ അവതരണത്തിൽ മമ്മൂട്ടിയെ ഭീമനായി അവതരിപ്പിച്ചത് ഏറെ പ്രശംസ നേടി. കെ.പി.എ.സിയുടെ സുവർണ്ണ വാർഷിക നാടകങ്ങളുടെ ഭാഗമായുള്ള മികച്ച പ്രൊഫഷണൽ നാടക സംവിധായകനുള്ള സംസ്ഥാന അവാർഡ് നേടി. അവ ഇന്ത്യയിലുടനീളം നിരവധി വേദികളിൽ അരങ്ങേറി.
വേഗമേറിയ മുഴുനീള ഫീച്ചർ സിനിമ “വിശ്വഗുരു”വിന്റെ കഥ, തിരക്കഥ രചനയിലൂടെ 2018ൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലും അദ്ദേഹം പ്രവേശിച്ചു. സംസ്ഥാന സർക്കാർ അവതരിപ്പിച്ച ജീവിതത്തിന്റെ വിവിധ തുറകളിലെ മലയാളി സ്ത്രീകളുടെ നേട്ടങ്ങൾ ഉൾക്കൊള്ളുന്ന “മാതൃകം” മൾട്ടി-മീഡിയ പ്രസന്റേഷൻ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സൃഷ്ടികളിലൊന്നാണ്.മലയാളത്തിലെ മികച്ച നടീനടനമാരായ കെ.പി.എ.സി ലളിത, ഭരത് മുരളി എം.ആർ. ഗോപകുമാർ, ഭരത് മമ്മൂട്ടി എന്നിവരുൾപ്പെടെ മലയാള സിനിമയിലെയും നാടക രംഗത്തെയും പ്രശസ്തരെ ഉപയോഗിച്ച് നിരവധി നാടകം സംവിധാനം ചെയ്തിട്ടുണ്ട്.
നാടകരംഗത്തെ സമഗ്ര സംഭാവനക്ക് ഗിരീഷ് കർണാഡ് ഫൗണ്ടേഷൻ അവാർഡ് ഉൾപ്പെടെ ഡോ. എ.പി.ജെ അബ്ദുൾ കലാം, സഫ്ദർ ഹാഷ്മി, ഡോ. വയലാ വാസുദേവൻ പിള്ള, അഭിനേതാക്കളായ ഭരത് മുരളി, തിലകൻ തുടങ്ങി പ്രമുഖരുടെ പേരിലുള്ള പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. മികച്ച ഹൃസ്വചിത്രത്തിനും രണ്ടുതവണ മികച്ച ഡോക്യുമെന്ററിക്കുമും കേരള ചലച്ചിത്ര അക്കാദമി അദ്ദേഹത്തെ പുരസ്കാരം നൽകി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി അമച്വർ നാടക മത്സരങ്ങളിൽ മികച്ച സംവിധായകനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്.
ഒരേ സമയം നാടക രംഗത്തും ചലച്ചിത്ര രംമത്തും മികച്ച സംവിധായകനായി സജീവമായ പ്രമോദ് സംസ്ഥാന സർക്കാറിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഭാരത്ഭവന്റെ മെമ്പർ സെക്രട്ടറിയാണ്.
സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഒന്നാം റാങ്കും പോണ്ടിച്ചേരി സർവകലാശാലയിൽ നിന്ന് പ്രൊഫഷണൽ ആർട്സിൽ ബിരുദാനന്തര ബിരുദവും നേടിയ പ്രമോദ് ഇപ്പോൾ കൊൽക്കത്തയിലെ ശാന്തിനികേതനിലെ ടാഗോർ ട്രൈലോജി ഇൻ ഗ്ലോബൽ തിയറ്ററിൽ ഡോക്ടറേറ്റ് നേടുന്നു. പ്രശസ്തി പത്രവും ഫലകവും മുപ്പതിനായിരം രൂപ ക്യാഷ് അവാർഡുമാണ് വിവേകാനന്ദ യുവ സംസ്കൃതി പുരസ്കാരം. 2024 ജനുവരി ഏഴിന് വൈകുന്നേരം ആറിന് പുണെയിലെ നിഗടി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക കൂട്ടായ്മയിൽ പുരസ്കാരം സമർപ്പിക്കും