ഉത്‌ക്കടമായ ഭയാശങ്കകള്‍ നിമിത്തമുളവാകുന്ന മാനസിക രോഗം. പലപ്പോഴും ഈ ഭയാശങ്കകളുടെ കാരണം രോഗിക്ക് അജ്ഞാതമായിരിക്കും. മനോരോഗങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ കാണപ്പെടുന്ന അസുഖമാണിത്. അയഥാർഥവും അവ്യക്തവുമായ ഭയമോ ആകാംക്ഷയോ ആണ് രോഗലക്ഷണം. കുട്ടികളിലും, ചെറുപ്പക്കാരിലുമാണ് കൂടുതലായി കണ്ടുവരുന്നത്. സിഗ്മണ്ട് ഫ്രായ്‌ഡ് ആണ് ഈ പദം ആദ്യമായി ഉപയോഗിച്ചത് (Anxiety Neurosis). ആശങ്ക ജീവിത വിജയത്തിന് ഒരളവുവരെ ആവശ്യമാണ് എങ്കിലും അളവിൽ കൂടുതലാകുമ്പോള്‍ അത് വ്യക്തിയുടെ ബുദ്ധിപരവും വൈകാരികവും ശാരീരികവുമായ കഴിവുകളെ ദോഷകരമായി ബാധിക്കുന്നു. വ്യക്തിയുടെ മാനസികമോ ശാരീരികമോ ആയ ദൗർബല്യങ്ങള്‍, മാനുഷിക ബന്ധങ്ങളിലുണ്ടാകുന്ന തകർച്ച, ജീവിത സംഘർഷങ്ങളെ നേരിടുന്നതിനുള്ള കഴിവുകേട്, തൊഴിൽ രംഗത്തെ പ്രശ്‌നങ്ങള്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍, ലൈംഗിക പരാജയ ഭീതി, ദാമ്പത്യ പ്രശ്‌നങ്ങള്‍ എന്നിങ്ങനെ വിവിധ കാരണങ്ങള്‍ കൊണ്ട് ആശങ്കാ മനോരോഗം ഉണ്ടാകാം.
പ്രധാനമായും രണ്ട് തരത്തിലുള്ള മാറ്റമാണ് ആശങ്കാധീനനായ ഒരു വ്യക്തിയിലുണ്ടാകുന്നത്. ഒന്നാമതായി വ്യക്തി ക്രമാതീതമായ വേഗത്തിൽ ശ്വാസോഛാസം നടത്തുന്നു. വിറയൽ, വിയർപ്പ് എന്നിവ ഉള്‍പ്പടെയുള്ള ശാരീരിക വ്യത്യാസങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രണ്ടാമതായി, തന്റെ മാനസിക സംഘർഷത്തെയും സംഭ്രമത്തെയും പറ്റി രോഗി ബോധവനാകുന്നു. ഇതിനോടൊപ്പം തന്നെ വ്യക്തിയുടെ ചിന്താരീതിയും കാഴ്‌ചപ്പാടുകളും അനാരോഗ്യകരമായി തീരുന്നു. ഇങ്ങനെയുണ്ടാകുന്ന മനഃക്ഷോഭം മൂലം രോഗി വിഷാദമഗ്നനായി തീരാനിടയുണ്ട്. അതിദ്രുതമായ ഹൃദയമിടിപ്പും ശ്വാസതടസ്സവും രക്തസമ്മർദവുമെല്ലാം ഈ രോഗത്തിന്റെ ഫലമായുണ്ടാകാം. ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളെയും രോഗം ബാധിക്കാം. തന്മൂലം വിശപ്പിലായ്‌മ, ഉറക്കമില്ലായ്‌മ, മലബന്ധം, ലൈംഗികമായ താത്‌പര്യക്കുറവ് എന്നിവയും ഉണ്ടാകാം. തലവേദന, കൈകാൽവേദന, തളർച്ച എന്നിങ്ങനെ ഒന്നിൽ കൂടുതൽ ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഈ രോഗികളിൽ കാണാറുണ്ട്. ആശങ്കാമനോരോഗം പ്രധാനമായും താഴെ പറയുന്ന രീതിയിലാണ് തരംതിരിച്ചിരിക്കുന്നത്.
(1) സാമാന്യവത്‌കൃത ആന്‍ക്‌സൈറ്റി ഡിസ്‌ഓർഡർ (Generalised Anxiety Disorder) (2) പാനിക് ഡിസ്‌ഓർഡർ (Panic Disorder) (3) ഫോബിയാസ് (Phobias) (4) ഒബ്‌സസീവ്-കംപള്‍സീവ് ഡിസ്‌ഓർഡർ (Obsessive compulsive Disorder) വ്യക്തിയെ കുറിച്ചും വ്യക്തിയുടെ ചുറ്റുപാടുകളെക്കുറിച്ചും പൂർണമായ അവബോധം ചികിത്സകന് ഉണ്ടായിരിക്കണം. കൃത്യമായ മനഃശാസ്‌ത്രചികിത്സാ രീതികള്‍ക്കൊപ്പം, അസുഖത്തിന്റെ തീവ്രതയനുസരിച്ച് ലഘുവായ ഔഷധപ്രയോഗവും ആവശ്യമായി വരാം. ഈ രോഗം പൂർണമായും ഭേദപ്പെടുത്താന്‍ കഴിയും.