ന്യൂ ഡല്‍ഹി: ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷാ സംഹിതാ, ഭാരതീയ സാക്ഷ്യ ബില്ലുകള്‍ വീണ്ടും ലോക്സഭയുടെ പരിഗണനയ്ക്കുവെച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ.പ്രതിപക്ഷത്തെ ഭൂരിപക്ഷം എംപിമാരേയും സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് നീക്കം.
ഇന്ത്യന്‍ ശിക്ഷാനിയമം, ക്രിമിനല്‍ നടപടിച്ചട്ടം, ഇന്ത്യന്‍ തെളിവുനിയമം എന്നിവയ്ക്ക് പകരമായി ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ സംഹിതാ ബില്ലുകള്‍ കഴിഞ്ഞ ഓഗസ്റ്റില്‍ സഭയില്‍ അവതരിപ്പിച്ചിരുന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ട ബില്ലുകളില്‍ ഭേദഗതികള്‍ നിര്‍ദേശിച്ചതിന് പിന്നാലെ മൂന്ന് ബില്ലുകളും കേന്ദ്രം പിന്‍വലിച്ചിരുന്നു.
മൂന്നില്‍ രണ്ട് പ്രതിപക്ഷ എംപിമാരും സസ്പെന്‍ഡ് ചെയ്യപ്പട്ടതിന് പിന്നാലെയാണ് അമിത് ഷാ ബില്ലുകള്‍ വീണ്ടും അവതരിപ്പിക്കുന്നത്. 543 അംഗ ലോക്സഭയില്‍ പ്രതിപക്ഷത്ത് 199 എം.പിമാരാണുള്ളത്. ഇതില്‍95 പേരെ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സസ്പെന്‍ഡ് ചെയ്തിരുന്നു. ഇരുസഭകളിലും നിന്നായി 141 എം.പിമാരാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ടത്.ലോക്സഭയിലെ പ്രതിഷേധങ്ങള്‍ അതിരുവിട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തത്.
ക്രിമിനല്‍ നിയമങ്ങളില്‍ സമൂലമാറ്റം ലക്ഷ്യമിട്ടുള്ള മൂന്ന് ബില്ലുകള്‍ കഴിഞ്ഞ ഓഗസ്റ്റ് 11-ന് അമിത് ഷാ അവതരിപ്പിച്ചിരുന്നു. ഓഗസ്റ്റ് 18-ന് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ട ബില്ലുകളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് നവംബര്‍ പത്തിനായിരുന്നു. ബില്ലുകളില്‍ സുപ്രധാന ഭേദഗതികള്‍ കമ്മിറ്റി നിര്‍ദേശിച്ചിരുന്നു.