കോഴിക്കോട്: ലോകത്ത് ആദ്യമായി പൂർണമായും ത്രീഡി താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ മഹാധമനിയിലേക്ക് വളർന്നു വന്ന വൃക്കയിലെ മുഴ നീക്കം ചെയ്ത് കോഴിക്കോട് ആസ്റ്റർ മിംസ്. കോഴിക്കോട് സ്വദേശിയായ 57 കാരന്റെ വൃക്കയിൽ വളർന്നിരുന്ന ആറ് സെന്റിമീറ്ററോളം വലിപ്പമുള്ള മുഴയാണ് വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ അപൂർവ്വ ശസ്ത്രകിയയിലൂടെ നീക്കം ചെയ്തത്.
മൂത്രത്തിലൂടെ രക്തം പോകുന്ന സാഹചര്യത്തിലായിരുന്നു കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ വി. സുരേഷ് ആസ്റ്റർ മിംസിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയത്. തുടർന്ന് യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ആർ. സുർദാസിന്റെ നിർദ്ദേശപ്രകാരം സ്കാൻ ചെയ്തപ്പോഴാണ് വലതു വശത്തെ വൃക്കയിൽ മുഴ കണ്ടെത്തിയത്. കുറേയധികം രക്തക്കുഴലുകളിലൂടെ മുഴയിലേക്ക് രക്തചംക്രമണം നടക്കുന്നതും, ശരീരത്തിലെ ഏറ്റവും വലിയ ധമനിയായ ഇൻഫീരിയർ വീനക്കാവയിലേക്കും ഡയഫ്രം, കരൾ എന്നിവിടങ്ങളിലേക്കുമായി ഒൻപത് സെന്റിമീറ്ററോളം നീളത്തിൽ മുഴ (ട്യൂമർ ത്രോംബസ്) വളർന്നിരുന്നു എന്നതും ഏറ്റവും ഗുരുതരമായ സാഹചര്യമായിരുന്നു.
കരളിലേക്കും മറ്റ് പ്രധാന ആന്തരിക അവയങ്ങളിലേക്കും രക്തമെത്തിക്കുന്ന പ്രധാന ധമനി ആയതിനാൽ അതിസങ്കീർണമാണ് ഈ ശസ്ത്രക്രിയ. വയർ തുറന്നുള്ള ശസ്ത്രക്രിയയാണ് ഇത്തരം സാഹചര്യങ്ങളിൽ സാധാരണയായി ചെയ്യാറുള്ളത്. രക്തയോട്ടം കുറച്ച ശേഷം 20 മിനിട്ടിനുള്ളിൽ മുഴയുള്ള വൃക്ക നീക്കം ചെയ്ത് മുറിവുകൾ തുന്നിച്ചേർത്ത് ധമനിയിലെ രക്തയോട്ടം പഴയ രീതിയിലാക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം രക്ത ചംക്രമണം നടക്കാത്തതുമൂലം കരളിനും മറ്റു ആന്തരിക അവയങ്ങൾക്കും ഗുരുതരമായ കേടുപാടുകൾ സംഭവിക്കും. നേരത്തെ ഇന്ത്യയിലും ചൈനയിലും റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഈ ശസ്ത്രക്രിയ നടത്തിയിട്ടുള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ത്രീ ഡി സാങ്കേതിക വിദ്യയുടെ സഹായത്താൽ പൂർണമായും താക്കോൽദ്വാര ശസ്ത്രക്രിയ വഴി ഇപ്രകാരമുള്ള മുഴ നീക്കം ചെയ്തതായി ലോകത്തെവിടെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ശസ്ത്രക്രിയക്ക് മുന്നോടിയായുള്ള ആദ്യ വെല്ലുവിളി മുഴയിലേക്കുളള രക്തയോട്ടം കുറക്കുക എന്നതായിരുന്നു. ഇതിനായി ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റിന്റെ സഹായത്തോടെ ഓപ്പറേഷൻ ദിവസം ആൻജിയോ എമ്പോളിസഷൻ ചെയ്ത ശേഷമാണു താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ മുഴ പൂർണമായും എടുത്ത് മാറ്റിയത്.
മറ്റൊരു പ്രധാന വെല്ലുവിളി മഹാധമനിയിലുള്ള മുഴ (ivc thrombus) നീക്കം ചെയ്യുന്നതിന്റെ ഭാഗമായി കരളിന്റെ വലതുഭാഗം മഹാധമനിയിൽനിന്നും സ്വതന്ത്രമാകുകയും തുടർന്ന് കരളിൻറെ മേൽഭാഗത്തുള്ള മഹാധമനിയുടെ നിയന്ത്രണം എടുക്കുക എന്നുള്ളതായിരുന്നു. അതീവ സങ്കീർണമായ ഈ ഒരു പ്രക്രിയ ഗ്യാസ്ട്രോസർജന്റെ സഹായത്താൽ പൂർണമായും താക്കോൽ ദ്വാരത്തിലൂടെ തന്നെ ചെയ്യാൻ സാധിച്ചു. അതിനു ശേഷം മഹാധമനിയിൽ നിന്നും മുഴ നീക്കം ചെയ്യുന്ന അതി സങ്കീർണമായ പ്രക്രിയയായിരുന്നു ശസ്ത്രക്രിയക്കിടെ മഹാധമനിയിലുള്ള മുഴ പൊട്ടിയാൽ മരണം വരെ സംഭവിക്കാം. ത്രീഡി സാങ്കേതികവിദ്യയുടെ സഹായത്തോടെ അതും തരണംചെയ്യാൻ സാധിച്ചുവെന്നത് വിജയകരമായി ചികിത്സ പൂർത്തിയാക്കാൻ സഹായിച്ചു. പൂർണമായും താക്കോൽ ദ്വാര ശസ്ത്രക്രിയ ആയതിനാൽ വളരെ വേഗം ആരോഗ്യം വീണ്ടെടുത്ത സുരേഷിന് മൂന്നാം ദിവസം ആശുപത്രി വിടാൻ കഴിഞ്ഞു.
സങ്കീർണത കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ത്രീഡി ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചതെന്ന് ഡോ. സുർദാസ് പറഞ്ഞു. മാതൃകയാക്കാൻ ഇതേരീതിയിൽ മറ്റൊരു ശസ്‌ത്രക്രിയ രേഘപെടുത്തിയിട്ടില്ലാത്തതിനാൽ വളരെ സൂക്ഷ്മമായിട്ടായിരുന്നു ശസ്ത്രക്രിയ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോ. സുർദാസിന് പുറമേ ആസ്റ്റർ മിംസിലെ ഇന്റർവെൻഷനൽ റേഡിയോളജി വിഭാഗം തലവൻ ഡോ. കെ. ജി. രാമകൃഷ്ണൻ, സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. എം. നൗഷിഫ്, യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ. കെ രവികുമാർ, ഡോ. അഭയ് ആനന്ദ്, സീനിയർ സ്പെഷലിസ്റ് ഡോ. അൽഫോൺസ് ഫിലിപ്പ്, ഡോ ശിവകുമാർ,ഡോ. സനൂപ്, ഡോ. അനൂജ, അനസ്തേഷ്യോളജി വിഭാഗം തലവൻ ഡോ. കിഷോർ കണിയഞ്ചാലിൽ, കൺസൾട്ടന്റുമാരായ ഡോ. നമിത മഞ്ചക്കൽ, ഡോ. ഷംജാദ് , ഡോ. ഡെന്നിസ് സ്റ്റാഫ് നേഴ്സ് ദീപ്ന, ജിതിൻ, നോയൽ എന്നിവരായിരുന്നു ശസ്ത്രക്രിയയിൽ പങ്കുവഹിച്ചത്.