കല്‍പ്പറ്റ:വയനാട് വാകേരിയില്‍ കെണിയിലകപ്പെട്ട നരഭോജി കടുവയെ സുല്‍ത്താന്‍ ബത്തേരി കുപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. കടുവയെ വെടിവച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ടുള്ള നാട്ടുകാരുടെ പ്രതിഷേധത്തിനിടയിലാണ് കടുവയെ താത്ക്കാലികമായി മാറ്റിയത്.
പ്രജീഷിന്റെ മരണത്തിന്റെ പത്താം നാളാണ് നരഭോജിക്കടുവ കെണിയിലായത്. മൃതദേഹം കിടന്നിരുന്ന കൂടല്ലൂര്‍ കോളനിക്കവലയിലെ തോട്ടത്തില്‍ വച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കടുവയെ തൃശ്ശൂരിലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ഉടന്‍ മാറ്റും. ഇതിനുള്ള നടപടികള്‍ ആരംഭിച്ചു. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ കടുവയ്ക്കായി പ്രത്യേക ഐസൊലേഷന്‍ സൗകര്യം ഒരുക്കി.
ഇന്ന് ഉച്ചയോടെയാണ് വാകേരി കൂടല്ലൂരില്‍ സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത്. ഉച്ചയ്ക്കുശേഷം 2.30 മുതല്‍ നാട്ടുകാര്‍ നടത്തിയ പ്രതിഷേധത്തെതുടര്‍ന്ന് കടുവയെ ഇതുവരെ അവിടെനിന്ന് കൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നില്ല. മാനന്തവാടി സബ് കളക്ടര്‍ ഉള്‍പ്പെടെ എത്തി നടത്തിയ ചര്‍ച്ചക്കൊടുവില്‍ രാത്രി എട്ടുമണിയോടെയാണ് കടുവയെയും വഹിച്ചുള്ള വനംവകുപ്പിന്‍റെ കോണ്‍വോയ് കുപ്പാടിയിലേക്ക് പുറപ്പെട്ടത്.
കടുവയെ വെടിവച്ചുകൊല്ലണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. കടുവയെ കാട്ടിലേക്ക് തുറന്നുവിടില്ലെന്നും ചികിത്സക്കുശേഷം മൃഗശാലയിലേക്ക് മാറ്റുന്നത് ഉള്‍പ്പെടെ പരിഗണിക്കുമെന്ന അധികൃതരുടെ ഉറപ്പിനെതുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു