തായ്‌വാനെ ചൈനയില്‍ നിന്ന് വേര്‍തിരിക്കുന്ന മീഡിയൻ ലൈനില്‍ (median line) രണ്ട് ചൈനീസ് ബലൂണുകള്‍ കണ്ടെത്തിയതായി തായ്‌വാൻ.ഈ മാസം ഇത് രണ്ടാം തവണയാണ് തങ്ങളുടെ അതിര്‍ത്തിയില്‍ ചൈനീസ് ബലൂണ്‍ കണ്ടെത്തുന്നതെന്നും പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. ഇതേത്തുടര്‍ന്ന് തായ്‍വാൻ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ചൈനയുടെ ചാര ബലൂണ്‍ അമേരിക്ക വെടിവച്ചിട്ടിരുന്നു. ഈ ബലൂണ്‍ സൈനിക നിരീക്ഷിണം നടത്താൻ ചൈന ഉപയോഗിച്ചതായാണ് അമേരിക്ക വിശ്വസിക്കുന്നത്.
ഇതേത്തുടര്‍ന്ന് ചൈനീസ് ബലൂണുകള്‍ ഏറെ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. എന്നാല്‍, അമേരിക്ക വെടിവെച്ചിട്ടത് കാലാവസ്ഥാ പ്രവചനത്തിനുള്ള ഉപകരണമാണെന്നാണ് ചൈന പറയുന്നത്. തായ്‌വാൻ തങ്ങളുടെ അധികാരപരിധിയില്‍ പെടുന്ന പ്രദേശം ആണെന്നാണ് ചൈന അവകാശപ്പെടുന്നത്. സ്വയംഭരണ ജനാധിപത്യ സംവിധാനമുള്ള തായ്‌വാനില്‍ ചൈന സൈനികവും രാഷ്ട്രീയവുമായ സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ടെങ്കിലും, ഇവിടെ ചൈനീസ് ബലൂണുകള്‍ പ്രത്യക്ഷപ്പെടുന്നത് അപൂര്‍വമാണ്.
തായ്‍വാനിലെ കീലുങ് നഗരത്തിന് വടക്ക് പടിഞ്ഞാറ് 110 നോട്ടിക്കല്‍ മൈല്‍ (204 കിലോമീറ്റര്‍) അകലെയാണ് ബലൂണുകള്‍ പ്രത്യക്ഷപ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബലൂണുകള്‍ കിഴക്കോട്ട് നീങ്ങിയതിനു ശേഷം അപ്രത്യക്ഷമായതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇവ കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ബലൂണുകളാണെന്നാണ് പ്രാഥമിക വിശകലനത്തില്‍ തെളിഞ്ഞതെന്നും പ്രതിരോധ മന്ത്രാലയത്തിലെ വക്താവ് അറിയിച്ചു. ഡിസംബര്‍ 8 ന് തായ്‌വാൻ കടലിടുക്കിന്റെ മധ്യരേഖയില്‍ ഒരു ബലൂണ്‍ കണ്ടെത്തിയതായും പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.
അടുത്ത മാസം രാജ്യത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ തായ്‌വാൻ അതീവ ജാഗ്രതയിലാണ്. വോട്ടെടുപ്പില്‍ സ്വാധീനം ചെലുത്തരുതെന്ന് തായ്‍വാനും അമേരിക്കയും ചൈനക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, ഒരു ദിവസം തായ്‌വാൻ പിടിച്ചെടുക്കുമെന്നാണ് ചൈന പറയുന്നത്. 2016-ല്‍ പ്രസിഡന്റ് സായ് ഇംഗ്-വെൻ തായ്‍വാനില്‍ അധികാരത്തില്‍ വന്നതിനുശേഷം, രാജ്യത്തിനു മേലുള്ള സമ്മര്‍ദം ചൈന ശക്തമാക്കിയിരുന്നു. തായ്‍വാനിലേക്ക് ചൈന യുദ്ധവിമാനങ്ങളും കപ്പലുകളും അയക്കുന്നതും പതിവാണ്.