കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ നാടകീയ രംഗങ്ങള്‍. സർവകലാശാലയിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജില്ലാ പൊലീസ് മേധാവിയെക്കൊണ്ട് എസ്എഫ്ഐ ബാനർ അഴിപ്പിച്ചു. വളരെ ക്ഷുഭിതനായാണ് ഗവർണർ കാമ്പസിൽ പെരുമാറിയത്. വൻ സുരക്ഷാ വലയത്തിലാണ് ഗവർണർ കാമ്പസിൽ എത്തിയത്. ജില്ലാ പൊലീസ് മേധാവിയെ രൂക്ഷ ഭാഷയിലാണ് ഗവർണർ വിമർശിച്ചത്.
ഗവര്‍ണര്‍ക്കെതിരായ ബാനറുകള്‍ കാമ്പസില്‍ ഉയര്‍ത്തിയതില്‍ നേരത്തെതന്നെ ഗവര്‍ണര്‍ രോഷം പ്രകടിപ്പിച്ചിരുന്നു. ബാനറുകള്‍ കെട്ടാന്‍ അനുവദിച്ചതില്‍ വൈസ് ചാന്‍സലറോട് വിശദീകരണം തേടാന്‍ ഗവര്‍ണര്‍ ഞായറാഴ്ച രാവിലെതന്നെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ബാനറുകള്‍ നീക്കാന്‍ രാത്രിയും അധികൃതര്‍ തയ്യാറാകാതിരുന്നതോടെയാണ് കടുത്ത നടപടിയുമായി ഗവര്‍ണര്‍ നേരിട്ട് രംഗത്തിറങ്ങിയത്.
അതിനിടെ, ബാനറുകള്‍ പോലീസ് നീക്കിയതിന് തൊട്ടുപിന്നാലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബാനര്‍ വീണ്ടും കെട്ടി. ഗവര്‍ണറുടെ കോലവും കത്തിച്ചു. പോലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ട് പോലീസ് ബാരിക്കേഡിന് മുകളില്‍ കയറിനിന്നുകൊണ്ടാണ് ബാനര്‍ വീണ്ടും കെട്ടിയത്.
കാലിക്കറ്റ് സർവകലാശാലയിലെ ബാനർ നീക്കം ചെയ്യൽ പൊലീസിന്റെ ഉത്തരവാദിത്വമല്ലെന്നും പൊലീസ് അത് ഏറ്റെടുക്കേണ്ടതില്ലെന്നുമായിരുന്നു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ നേരത്തേ പ്രതികരിച്ചത്. അത്തരം നീക്കങ്ങൾ അനുവദിക്കില്ല. ഒരു ബാനർ നശിപ്പിച്ചാൽ അതിന് പകരം നൂറെണ്ണം സ്ഥാപിക്കും. ഗവർണ്ണർ അനുകൂല ബാനറുകളും ക്യാമ്പസിലുണ്ട്. ഏതെങ്കിലും ചിലത് മാത്രം മാറ്റുക എന്നത് സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഗവർണർ എത്തി ബാനർ അഴിപ്പിച്ചത്.
ബാനറുകളിൽ രാഷ്ട്രീയ മുദ്രാവാക്യങ്ങളാണുള്ളതെന്നും ചോദ്യങ്ങളെ ചാൻസിലർ ഭയക്കുന്നുവെങ്കിൽ ഗവർണർക്ക് എന്തോ തകരാർ ഉണ്ടെന്നും ആർഷോ വിമർശിച്ചിരുന്നു. ഗവർണർക്ക് നിലവാരം ഇടിയുകയാണ്. ഞങ്ങൾ ഉയർത്തിയ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി തരുന്നില്ല. ചോദ്യങ്ങൾക്ക് മറുപടി പറയാൻ ചാൻസിലർക്ക് ബാധ്യതയുണ്ട്. രാജ്ഭവനിൽ ഇരിക്കുന്നത് കൊണ്ട് രാജാവ് ആണെന്ന് കരുതുന്നത് ശെരിയല്ല. ഗവർണർ തമാശ കഥാപാത്രം പോലെയായി മാറി. ആയിരക്കണക്കിന് പോലീസിന്റെ ഇടയിൽ നിന്നാണ് അദ്ദേഹം വെല്ലുവിളിക്കുന്നതെന്നും ഗവർണറെ ആക്രമിക്കുന്നത് അജണ്ടയല്ലെന്നും ആർഷോ കൂട്ടിച്ചേർത്തു.
അതേസമയം, കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്ഐ ബാനര്‍ ഉയര്‍ത്തിയതിനെ ശക്തമായി അപലപിച്ചുകൊണ്ടും മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചും രാജ്ഭവന്‍ വാര്‍ത്താക്കുറിപ്പിറക്കി. കറുത്ത ബാനറിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശമില്ലാതെ എസ്എഫ്ഐ ബാനര്‍ കെട്ടില്ല. സംസ്ഥാനത്ത് ഭരണഘടന സംവിധാനം തകരുന്നതിന്‍റെ തുടക്കമെന്നും ഭരണ ഘടന സംവിധാനം തകർക്കാൻ മുഖ്യമന്ത്രി ബോധപൂർവ്വം ശ്രമിക്കുകയാണെന്നും ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു