റിയാദ്: കളിചിരികളുടെ ആരവങ്ങൾ തീർത്ത് അലിഫ് ഇൻറർനാഷനൽ സ്കൂൾ സംഘടിപ്പിച്ച അലിഫ് മോം ഫെസ്റ്റ് ’23 ശ്രദ്ധേയമായി. ഒത്തുചേരലിന്റെയും ആഘോഷത്തിന്റെയും പരിപാടിയിൽ നിരവധിപേർ പങ്കെടുത്തു.
മാത്സര്യത്തിന്റെ മാതൃ- മാതൃകകൾ അവതരിപ്പിച്ച് പ്രവാസത്തെ ആനന്ദകരമാക്കുകയായിരുന്നു ഓരോ മാതാവും. സാറാ ഫഹദ്, സജ്ന ലുഖ്മാൻ എന്നിവർ മുഖ്യാതിഥികളായി. മത്സരാർഥികൾ വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത രുചിക്കൂട്ടുകളൊരുക്കി.
വ്യത്യസ്ത ഗെയിംസുകൾക്ക് പുറമേ ബലൂൺ പൊട്ടിക്കൽ, മെമ്മറി ഗെയിം, പിരമിഡ് നിർമാണം, സർക്കിൾ ലോഗോ, ചിത്രരചന, കഥാരചന, എംബ്രോയിഡറി, മെഹന്തി, ഡിസൈനിങ്, മ്യൂസിക്കൽ ചെയർ, ബോൾ കൈമാറ്റം, കാലിഗ്രഫി തുടങ്ങിയ മത്സരങ്ങൾ ആഘോഷത്തിന്റെ മാറ്റുകൂട്ടി.
റഹ്മ സുബൈർ, നിസ്വ അഷ്റഫ്, അഫ്രീൻ മെഹർ എന്നിവർ വിവിധ മത്സരങ്ങളുടെ വിധി നിർണയിച്ചു. അബീർ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ബുക്ക് ഫെയർ, ഫുഡ് കോർണർ എന്നിവക്ക് പുറമെ ജ്വല്ലറി, ടെക്സ്റ്റൈൽസ് സ്റ്റാളുകളും നഗരിയെ സജീവമാക്കി. നുജു മുജീബ്, സാബിറ ശുകൂർ, യുസൈറ മുഹമ്മദ്, ഷമീറ അഹമ്മദ് എന്നിവർ വിവിധ വിഭാഗങ്ങൾ ഉദ്ഘാടനം ചെയ്തു.
വ്യത്യസ്ത മത്സരങ്ങളിൽ പങ്കെടുത്ത വിജയികൾക്കുള്ള സമ്മാനങ്ങൾ ഹെഡ്മിസ്ട്രസ് ഹമീദാബാനു, മോം ഫെസ്റ്റ് കോഓഡിനേറ്റർ സുമയ്യ ഷമീർ എന്നിവർ വിതരണം ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു