തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഗണ്‍മാനും പോലീസുകാര്‍ക്കും അധിക സുരക്ഷ ഏര്‍പ്പെടുത്താന്‍ ഉത്തരവ്. രണ്ട് ഉദ്യോഗസ്ഥരുടെ വീടുകള്‍ക്ക് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്താന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജ് ഉത്തരവിറക്കി. ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ച അംഗരക്ഷകര്‍ക്കെതിരെ അക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഇവരുടെ വീടിന് കാവല്‍ ഏര്‍പ്പെടുത്താന്‍ കമ്മീഷണര്‍ ഉത്തരവിട്ടത്.
ഈ ഉത്തരവ് പ്രകാരം ഗണ്‍മാന്‍ അനിലിന്റെ പേരൂര്‍കടയിലെയും കലൂരിലെയും വീടിനും പോലീസുകാരന്റെ മ്യൂസിയം പോലീസ് സ്‌റ്റേഷന്റെ പരിതിയിലുള്ള പൊട്ടക്കുഴിയിലെ വീടിനും പ്രത്യേക സുരക്ഷ നല്‍കും. ഈ വീടുകള്‍ക്ക് സമീപം രാത്രിയിലും തുടര്‍ദിവസങ്ങളിലും സുരക്ഷ ആവശ്യമാണെന്നും ഉത്തരവില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഈ വീടുകള്‍ക്കുനേരെ ആക്രമണമുണ്ടാകാനും ഇവരെ അപായപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും ഉത്തരവില്‍ സൂചിപ്പിക്കുന്നുണ്ട്.
കഴിഞ്ഞദിവസം ആലപ്പുഴ ജില്ലയിൽ നടന്ന നവ കേരള സദസ്സിനിടയിലാണ് അമ്പലപ്പുഴയിലേക്കുള്ള യാത്രാമധ്യേ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. നവ കേരള ബസ്സിന് തൊട്ടു പുറകിൽ ഉണ്ടായിരുന്ന മുഖ്യമന്ത്രിയുടെ ഗൺമാനും എസ്കോർട്ട് ഉദ്യോഗസ്ഥനും വാഹനത്തിൽ നിന്ന് പുറത്തിറങ്ങി പ്രവർത്തകരെ മർദ്ദിക്കുകയായിരുന്നു. യൂണിഫോമിൽ അല്ലായിരുന്ന ഗൺമാൻ അനിൽ പ്രവർത്തകരുടെ തലയ്ക്കടിച്ചത് വലിയ വിവാദമായി.
പ്രവർത്തകരെ ആക്രമിച്ചവരുടെ വീടും സ്ഥലവും അറിയാമെന്നും കോൺഗ്രസ് വിചാരിച്ചാൽ ഇവർക്ക് വീടിന് പുറത്തിറങ്ങാനാകില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രാവിലെ പറഞ്ഞിരുന്നു. പിന്നാലെയാണ് ഇരുവരുടെയും സുരക്ഷ വർധിപ്പിച്ചത്.